ന്യൂ ജേഴ്സി: പരമ്പരാഗത ശവസംസ്കാര രീതികൾക്ക് ബദലായി ‘ഹ്യൂമൻ കമ്പോസ്റ്റിംഗ്’ എന്നറിയപ്പെടുന്ന മൃതദേഹങ്ങൾ വളമാക്കുന്ന രീതിക്ക് അനുമതി നൽകി ന്യൂ ജേഴ്സി. ഇതോടെ അമേരിക്കയിൽ ഈ നിയമം പാസാക്കുന്ന പതിനാലാമത്തെ സംസ്ഥാനമായി ന്യൂ ജേഴ്സി മാറി. കഴിഞ്ഞ ആഴ്ചയാണ് ഗവർണർ ഫിൽ മർഫി ബില്ലിൽ ഒപ്പുവെച്ചത്.
“നാച്ചുറൽ ഓർഗാനിക് റിഡക്ഷൻ” എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ രീതിയിൽ മൃതദേഹം വയ്ക്കോൽ, മരക്കഷണങ്ങൾ, മറ്റ് ജൈവവസ്തുക്കൾ എന്നിവ അടങ്ങിയ ഒരു വലിയ ടാങ്കിൽ വെക്കുന്നു. വായുവിൻ്റെ സാന്നിധ്യത്തിൽ ശരീരം മണ്ണുപോലുള്ള പദാർത്ഥമായി മാറുന്നു. ഈ പ്രക്രിയ പൂർത്തിയാകാൻ ഏകദേശം 8 മുതൽ 12 ആഴ്ച വരെ സമയമെടുക്കും.
പാരിസ്ഥിതികമായി കൂടുതൽ അനുകൂലമാണ് ഈ രീതിയെന്ന് ഇതിനെ പിന്തുണക്കുന്നവർ പറയുന്നു. പരമ്പരാഗത സംസ്കാര രീതികളായ ദഹിപ്പിക്കൽ, കുഴിച്ചിടൽ എന്നിവയെക്കാൾ കുറഞ്ഞ ഊർജ്ജം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഇത് മരങ്ങൾ വെട്ടുന്നത് കുറയ്ക്കാനും ശ്മശാനങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നത് ഒഴിവാക്കാനും സഹായിക്കുമെന്നും അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.