ടെഹ്‌റാൻ: തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ച നടത്തുന്നത് രാജ്യത്തിന് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അത്തരം ചർച്ചകളെ ‘അസാധ്യം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാനുമേൽ പുതിയ അന്താരാഷ്ട്ര ഉപരോധങ്ങൾ ഏർപ്പെടുത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഖമേനിയുടെ ഈ നിർണ്ണായക നിലപാട്.
”യുഎസുമായി ചർച്ച നടത്തുന്നത് തികച്ചും അസാധ്യമാണ്,” ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്ത ഒരു പ്രസംഗത്തിൽ ഖമേനി വ്യക്തമാക്കി.
“അടിച്ചേൽപ്പിക്കലാണ്, ചർച്ചയല്ല”
അമേരിക്കയുടെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു: “അമേരിക്ക ചർച്ചകളുടെ ഫലം മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആ ഫലം ആണവ പ്രവർത്തനങ്ങളും യുറേനിയം സമ്പുഷ്ടീകരണവും നിർത്തലാക്കുക എന്നതാണ്. ഇത് ഒരു ചർച്ചയല്ല, മറിച്ച് ഒരു അടിച്ചേൽപ്പിക്കലാണ്.”
ഇറാൻ യുറേനിയം സമ്പുഷ്ടീകരിക്കരുത് എന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഞങ്ങൾ കീഴടങ്ങിയിട്ടില്ല, കീഴടങ്ങുകയുമില്ല,” ഖമേനി ആണയിട്ടു. തങ്ങൾക്ക് ആണവായുധങ്ങൾ ആവശ്യമില്ലെന്നും അത് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. “ഞങ്ങൾക്ക് ആണവ ബോംബില്ല, ഞങ്ങൾക്കത് ഉണ്ടാക്കുകയുമില്ല, ആണവായുധങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഇൻസ്പെക്ടർമാർക്ക് എല്ലാ ആണവ കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകാനും, യുഎസുമായി നേരിട്ടുള്ള ചർച്ചകൾ പുനരാരംഭിക്കാനും ഫ്രാൻസ്, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെടുന്നതിനിടെയാണ് ഖമേനിയുടെ ഈ ശക്തമായ പ്രസ്താവന.