തിരുവോണ ദിനത്തിൽ തിരുവനന്തപുരം ആകാശത്ത് വിസ്മയമായി നിറഞ്ഞത് ആയിരത്തിലധികം ഡ്രോണുകളുടെ ലൈറ്റ് ഷോയാണ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുകളിലൂടെ 250 അടിവരെ ഉയർന്ന് പറന്ന ഡ്രോണുകൾ വർണവെളിച്ചം തീർത്ത് മാവേലി, ഓണപ്പൂക്കളം, നിലവിളക്ക്, മലയാളിപ്പെൺകൊടി, കഥകളി, മോഹിനിയാട്ടം, കളരിപ്പയറ്റ്, വള്ളംകളി, ജടായുപ്പാറ, വിഴിഞ്ഞം തുറമുഖം തുടങ്ങി കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും ആകാശത്ത് വരച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓണാശംസകളും ഡ്രോൺ ചിത്രമായി തെളിഞ്ഞപ്പോൾ ആയിരങ്ങൾ വിസ്മയത്തോടെ നോക്കി നിന്നു.
കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മെഗാ ഡ്രോൺ ലൈറ്റ് ഷോ അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രി നടന്ന ആദ്യ പ്രദർശനത്തിന് പിന്നാലെ ശനിയാഴ്ചയും ഷോ അരങ്ങേറി. ഞായറാഴ്ചയും രാത്രി 8.45നും 9.15നും ഇടയ്ക്ക് 15 മിനിറ്റ് ദൈർഘ്യമുള്ള ഷോ ഉണ്ടായിരിക്കും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നാണ് ഡ്രോണുകൾ പറത്തിവിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ളവർ കെട്ടിടങ്ങളിലെയും റോഡുകളിലെയും നിരത്തി ഈ ആകാശവിസ്മയം ആസ്വദിച്ചു.
ഓരോ ഡ്രോണും എൽഇഡി ലൈറ്റുകൾ ഘടിപ്പിച്ച പ്രകാശ ‘പിക്സൽ’ ആണെന്ന രീതിയിലാണ് ഷോ സംഘടിപ്പിച്ചത്. ത്രീഡി അനിമേഷൻ സോഫ്റ്റ്‌വെയറിൽ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ആനിമേഷനുകൾ ഡ്രോണുകൾക്ക് പറക്കൽ പാതകളായി മാറി. ജിപിഎസും പ്രത്യേക അൽഗോരിതങ്ങളും വഴിയാണ് ഡ്രോണുകൾ നിയന്ത്രിച്ചത്. ഡ്രോണുകളുടെ സ്ഥാനവും ലൈറ്റിന്റെ നിറവും തത്സമയം മാറി, വലിയ ചിത്രങ്ങളും സാംസ്കാരിക രൂപങ്ങളും രൂപപ്പെട്ടുവന്നു. സുരക്ഷിതമായ പറക്കലിന് ആവശ്യമായ എല്ലാ മുൻകരുതലുകളും ഉൾപ്പെടുത്തി പരിപാടി നടന്നു.
ഡ്രോൺ ഷോ ഒരുക്കിയത് ഡൽഹി ആസ്ഥാനമായ ബോട്ട് ലാബ് ഡൈനാമിക്സ് എന്ന സ്റ്റാർട്ടപ് സ്ഥാപനമാണ്. രാഷ്ട്രപതി ഭവൻ, ഇന്ത്യാ ഗേറ്റ് തുടങ്ങിയ പ്രമുഖ വേദികളിൽ മുമ്പും ഇത്തരം പ്രദർശനങ്ങൾ നടത്തിയിട്ടുള്ള സംഘമാണ് ഇവർ. തിരുവനന്തപുരം നഗരത്തിന് ഓണാഘോഷത്തിന്റെ ഭാഗമായി നൽകിയ ഡ്രോൺ വിസ്മയം ആയിരങ്ങൾ ഓർമ്മകളിൽ സൂക്ഷിക്കുന്ന തരത്തിലുള്ള അനുഭവമായി.
On Thiruvonam, a Thousand Drones Light Up the Sky Over Thiruvananthapuram