കോഴിക്കോട് : കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് (56)മരിച്ചത്. ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജാഗ്രതാ നിർദ്ദേശങ്ങൾക്കിടയിലും രോഗം വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു മാസത്തിനിടെ അഞ്ച് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.
രോഗം കൂടുതൽ പേരിലേക്ക് പടരുന്നത് തടയാൻ വേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിച്ചുവരുന്നു എന്നാണ് സർക്കാർ അറിയിക്കുന്നത്. പ്രാദേശികതലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും ആരോഗ്യ ബോധവൽക്കരണം നൽകാനും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
നേരത്തെയും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. രോഗത്തിൻ്റെ ഉറവിടം കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും ആരോഗ്യ വിദഗ്ധർ പ്രവർത്തിച്ചുവരുന്നു.