സജി പുല്ലാട്
ഹൂസ്റ്റണ്‍: ‘ഓതിരം 2025’ എന്ന പേരില്‍ വിവിധ ആയോധനകലകളുടെ പ്രദര്‍ശനവും,നൃത്ത-നാട്യ കലാരൂപങ്ങളുടെ ആവിഷ്‌കാരവും നടത്തുന്നു.ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം ആറിന് സ്റ്റാഫോര്‍ഡ് സിവിക് സെന്ററിലാണ് വിവിധ ആയോധനകലകളുടെ പ്രദര്‍ശനവും,നൃത്ത-നൃത്യ നാട്യ കലാരൂപങ്ങളുടെ ആവിഷ്‌കാരവും നടത്തുന്നത്.
ഒരു കാലഘട്ടത്തില്‍ തെക്കു വടക്കന്‍ കേരളത്തെ ഇളക്കിമറിച്ചിരുന്ന കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റാണ് പ്രധാന ഇനം. കളരി ദേവതകളും, ഗുരുക്കന്മാരും അരങ്ങു വാണിരുന്ന മലബാര്‍ പ്രദേശത്തിന്റെ ഹൃദയ താളങ്ങളെ തൊട്ടുണര്‍ത്തിയിരുന്ന കളരിപ്പയറ്റിന്റെ മനോഹാരിത ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ പുതുതലമുറയ്ക്ക് നവ്യാനുഭവം ആയിരിക്കും. കളരിപ്പയറ്റിനു പുറമേ കരാട്ടെയും, മറ്റ് സമ്മിശ്രങ്ങളായ ആയോധനകലകളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തെക്കന്‍ കളരികളുടെയും, വടക്കന്‍ കളരികളുടെയും ആശാന്‍ സ്ഥാനീയനായ രാജു ആശാന്റെ നേതൃത്വത്തിലും ശിക്ഷണത്തിലുമാണ് ് പരിപാടി അരങ്ങേറുന്നത്. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയിട്ടുള്ള ആശാന്‍ തഞ്ചാവൂര്‍ സിലംബത്തിലും പ്രാഗല്ഭ്യം നേടിയിട്ടുണ്ട്.കലാപ്രേമികളെ ആകര്‍ഷിക്കുന്ന നൃത്ത നൃത്യങ്ങളും, നാട്യപ്രധാനമായ നാടകവും, അസുരവാദ്യമായ ചെണ്ടയില്‍ വിരചിക്കുന്ന പഞ്ചാരിമേളവും പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
ഈ കലാപരിപാടിയുടെ വിജയത്തിനായി മുന്‍കൂട്ടി ടിക്കറ്റുകള്‍ നേടി ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് സംഘാടകരായ റെജി കളത്തില്‍, സന്ദീപ് തേവര്‍വേലില്‍, ഷിജോ ചാണ്ടപിള്ള, ശബരി സുരേന്ദ്രന്‍,അനില സന്ദീപ് എന്നിവര്‍ അറിയിച്ചു.
മലയാളി സമൂഹത്തിന്റെ ആവശ്യം പരിഗണിച്ച് ഈ പ്രദര്‍ശനം എല്ലാവര്‍ഷവും തുടര്‍ന്നു കൊണ്ടുപോകുവാന്‍ ആഗ്രഹിക്കുന്നതായും രാജു ആശാന്‍ അറിയിച്ചു.
‘Othiram 2025’ at Stafford Civic Center on 5th October