പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാക്കളെ ഹണി ട്രാപ്പിൽ പെടുത്തി പീഡിപ്പിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് രണ്ട് യുവാക്കളെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത്.
ആലപ്പുഴ, റാന്നി എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളെയാണ് ദമ്പതികൾ കെണിയിൽപ്പെടുത്തിയത്. ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട ശേഷം പണം ആവശ്യപ്പെടുകയും, കൊടുക്കാത്തതിനെ തുടർന്ന് അതിക്രൂരമായ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ അടിച്ചും, കമ്പ് ഉപയോഗിച്ച് ക്രൂരമായി മർദിച്ചും, മോതിരവിരലിൽ കട്ടിങ് പ്ലയർ ഉപയോഗിച്ച് മുറിവേൽപ്പിച്ചും പീഡിപ്പിച്ചതായി പോലീസ് പറയുന്നു. ഇരകളിലൊരാളുടെ ജനനേന്ദ്രിയത്തിൽ 23 സ്റ്റാപ്ലർ പിന്നുകളാണ് അടിച്ചത്.
യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായി അഭിനയിക്കാൻ നിർബന്ധിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതും പ്രതികളെ അറസ്റ്റ് ചെയ്തതും.