ഫലസ്തീൻ ജനതക്കെതിരെയുള്ള വംശഹത്യയിൽ പ്രതിഷേധിച്ച് ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിജ്ഞയിൽ ലോകമെമ്പാടുമുള്ള നൂറുകണക്കിന് സിനിമാ പ്രവർത്തകർ ഒപ്പുവെച്ചു. ചലച്ചിത്ര നിർമ്മാതാക്കൾ, അഭിനേതാക്കൾ, വ്യവസായ പ്രവർത്തകർ, സ്ഥാപനങ്ങൾ തുടങ്ങി 1,200-ലധികം പേരാണ് ഒപ്പുവച്ചത്. സിനിമ കാഴ്ചപ്പാടുകളെയും രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചകളെയും രൂപപ്പെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് വളരെ പ്രധാനമാണെന്ന് അവർ വ്യക്തമാക്കി.
ഗസ്സയിലെ വംശഹത്യ അതിന്റെ അത്യുത്തേജിത ഘട്ടത്തിലാണെന്നും, ഇതിൽ നമ്മുടെ സർക്കാരുകൾക്കും പങ്കുണ്ടെന്നും പ്രതിജ്ഞ ചൂണ്ടിക്കാട്ടുന്നു. ഗസ്സയിലെ ജനങ്ങൾക്ക് പരമാവധി പിന്തുണ നൽകുകയാണ് ഇപ്പോഴത്തെ ഏറ്റവും അടിയന്തര ബാധ്യതയെന്നും അവർ ആവശ്യപ്പെട്ടു.
ബഹിഷ്‌കരണം പ്രഖ്യാപിച്ച് ഒപ്പുവച്ചവരിൽ അഭിനേതാക്കളായ ഒലിവിയ കോൾമാൻ, മാർക്ക് റഫലോ, ടിൽഡ സ്വിൻടൺ, ജാവിയർ ബാർഡെം, അയോ എഡെബിരി, റിസ് അഹമ്മദ്, ജോഷ് ഒ’കോണർ, സിന്തിയ നിക്സൺ, ജൂലി ക്രിസ്റ്റി, ഇലാന ഗ്ലേസർ, റെബേക്ക ഹാൾ, ഐമി ലൂ വുഡ്, ഡെബ്ര വിംഗർ എന്നിവർ ഉൾപ്പെടുന്നു. സംവിധായകരായ യോർഗോസ് ലാന്തിമോസ്, അവാ ഡു വെർണേ, ആസിഫ് കപാഡിയ, ബൂട്ട്സ് റിലൈ, ജോഷ്വ ഒപ്പൻഹൈമർ തുടങ്ങിയവരും ഒപ്പുവെച്ചു.
വംശഹത്യയെയും വർണ്ണവിവേചനത്തെയും ന്യായീകരിക്കുന്നവരുടെയോ അവരുടെ പങ്കാളികളായ സ്ഥാപനങ്ങളുടെയോ ഫെസ്റ്റിവലുകൾ, പ്രക്ഷേപണങ്ങൾ, നിർമാണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിക്കരുതെന്ന് ഫിലിം വർക്കേഴ്സ് ഫോർ ഫലസ്തീൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായം വംശീയതയും മനുഷ്യാവകാശ ലംഘനങ്ങളും നിരസിക്കണമെന്നും, അടിച്ചമർത്തലുകളിൽ പങ്കാളികളാകുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു.
ഒപ്പുവച്ചവരിൽ ഒരാളായ തിരക്കഥാകൃത്ത് ഡേവിഡ് ഫാർ പറഞ്ഞു: “ഹോളോകോസ്റ്റ് അതിജീവിച്ചവരുടെ പിൻഗാമിയായെന്ന നിലയിൽ, ഇസ്രായേൽ ഭരണകൂടത്തിന്റെ നടപടികളിൽ ഞാൻ ദുഃഖിതനും രോഷാകുലനുമാണ്. പതിറ്റാണ്ടുകളായി ഫലസ്തീൻ ജനതക്കെതിരായ അധിനിവേശത്തിനുശേഷം ഇന്ന് വംശഹത്യയും വംശീയ ഉന്മൂലനവും തുടരുകയാണ്. ഈ സാഹചര്യത്തിൽ എന്റെ കൃതികൾ ഇസ്രായേലിൽ പ്രസിദ്ധീകരിക്കുന്നതിനെയും അവതരിപ്പിക്കുന്നതിനെയും എനിക്ക് പിന്തുണയ്ക്കാനാവില്ല.”
ഗസ്സയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരിയെക്കുറിച്ചുള്ള ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ് എന്ന സിനിമ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ടപ്പോൾ 23 മിനിറ്റ് നീണ്ടുനിന്ന സ്റ്റാൻഡിങ് ഒവേഷൻ നേടിയിരുന്നു. അതിന്റെ പിന്നാലെയായിരുന്നു ഈ പ്രതിജ്ഞയ്ക്ക് ലോകമെമ്പാടുമുള്ള കലാകാരന്മാരുടെ പിന്തുണ വർധിച്ചത്.
Protest against genocide of the Palestinian people; Film workers pledge not to cooperate with Israeli film institutions