ചിക്കാഗോ: ട്രംപ് ഭരണകൂടം നഗരത്തിൽ കൂടുതൽ ഫെഡറൽ സൈന്യത്തെയും ഇമിഗ്രേഷൻ ഏജൻ്റുമാരെയും വിന്യസിക്കാൻ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകൾ ചിക്കാഗോ തെരുവിലിറങ്ങി. അമേരിക്കയിലെ തൊഴിലാളി ദിനമായ ഇന്നലെ ‘തൊഴിലാളികൾ ശതകോടീശ്വരന്മാർക്ക് മുകളിൽ’ എന്ന മുദ്രാവാക്യമുയർത്തി നടന്ന ആയിരത്തോളം പ്രതിഷേധങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നായി ഇത് മാറി.
ലോസ് ആഞ്ചൽസ്, വാഷിംഗ്ടൺ ഡി.സി. എന്നിവിടങ്ങളിലേതുപോലെ ചിക്കാഗോയിലും കൂടുതൽ സൈനികരെ വിന്യസിക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണിയാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. മുദ്രാവാക്യങ്ങൾ വിളിച്ചും പാട്ടുകൾ പാടിയും പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധക്കാർ ഭരണകൂടത്തിനെതിരെ തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.
പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച മേയർ ബ്രാൻഡൺ ജോൺസൺ, ഫെഡറൽ അതിക്രമങ്ങളെ ചിക്കാഗോ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. “ഈ നഗരം രാജ്യത്തെ സംരക്ഷിക്കും,” മേയറുടെ ഈ വാക്കുകൾ വലിയ ആരവങ്ങളോടെയാണ് ജനം സ്വീകരിച്ചത്. ചിക്കാഗോയുടെ പതാക ഉയർത്തിപ്പിടിച്ച് പ്രതിഷേധക്കാർ മേയർക്ക് പിന്തുണ അറിയിച്ചു.
നഗരത്തിലൂടെ പ്രതിഷേധ റാലി മുന്നോട്ട് നീങ്ങിയപ്പോൾ വഴിയരികിലെ റെസ്റ്റോറൻ്റുകളിലും കഫേകളിലുമിരുന്ന ആളുകൾ കൈയ്യടിച്ചും ആർപ്പുവിളിച്ചും അവർക്ക് പിന്തുണ നൽകി. സംഘാടകരുടെ കണക്കനുസരിച്ച് 5,000 മുതൽ 10,000 വരെ ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. ട്രംപ് ഭരണകൂടത്തിനെതിരെയുള്ള ശക്തമായ ജനവികാരത്തിൻ്റെ പ്രതിഫലനമാണ് ചിക്കാഗോയിലെ ഈ പ്രതിഷേധം.