‘ട്രംപിന് നല്ല നർമ്മബോധം’; ഗൂഢാലോചന ആരോപണത്തിന് ചിരിയോടെ മറുപടി പറഞ്ഞ് പുടിൻ

‘ട്രംപിന് നല്ല നർമ്മബോധം’; ഗൂഢാലോചന ആരോപണത്തിന് ചിരിയോടെ മറുപടി പറഞ്ഞ് പുടിൻ

മോസ്കോ: അമേരിക്കയ്‌ക്കെതിരെ റഷ്യയും ചൈനയും ഉത്തര കൊറിയയും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന ഡോണൾഡ് ട്രംപിൻ്റെ ആരോപണം, അദ്ദേഹത്തിന് നല്ല നർമ്മബോധം ഉണ്ടെന്ന് തെളിയിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ചൈനയിൽവെച്ച് നടന്ന മൂന്ന് ലോക നേതാക്കളുടെയും കൂടിക്കാഴ്ചയെ ട്രംപ് വിമർശിച്ചതിന് മറുപടിയായാണ് പുടിൻ്റെ ഈ പ്രതികരണം.

​കഴിഞ്ഞ ദിവസം ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത് ഇങ്ങനെയായിരുന്നു: “നിങ്ങൾ അമേരിക്കയ്‌ക്കെതിരെ ഗൂഢാലോചന നടത്തുമ്പോൾ വ്‌ളാഡിമിർ പുടിനും കിം ജോങ് ഉന്നിനും എൻ്റെ ഊഷ്മളമായ ആശംസകൾ നൽകുക.” ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനെ അഭിസംബോധന ചെയ്താണ് ട്രംപ് ഈ പരിഹാസ പോസ്റ്റ് ഇട്ടത്.

​ട്രംപിൻ്റെ പ്രസ്താവനയെക്കുറിച്ച് ബീജിംഗിൽവെച്ച് ചോദിച്ചപ്പോൾ പുടിൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. “യുഎസ് പ്രസിഡൻ്റിന് നർമ്മബോധത്തിന് യാതൊരു കുറവുമില്ല,” പുടിൻ പറഞ്ഞു. തനിക്കും ട്രംപിനും തമ്മിൽ നല്ല ബന്ധമാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും, ചൈനീസ് ഉച്ചകോടിയിൽ പങ്കെടുത്ത ലോക നേതാക്കളാരും നിലവിലെ യുഎസ് ഭരണകൂടത്തെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ട്രംപിന്റെ ആരോപണങ്ങൾ പുടിൻ നിസ്സാരമായി തള്ളിക്കളഞ്ഞത് ലോകരാഷ്ട്രങ്ങളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തെ ഇത് വീണ്ടും ഓർമ്മിപ്പിക്കുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Share Email
LATEST
More Articles
Top