ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ജെൻസികളെയും പ്രത്യേകം അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി. ഭരണഘടനയെ രക്ഷിക്കുകയും, ജനാധിപത്യത്തെ സംരക്ഷിക്കുകയും, വോട്ട് മോഷണം തടയുകയും ചെയ്യും എന്ന് വ്യക്തമാക്കി എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ ജെൻസികളെ പ്രത്യേകം അഭിസംബോധന ചെയ്തത്. സമീപ രാജ്യമായ നേപ്പാളിലെ ഭരണകൂടത്തെ അട്ടിമറിച്ചത് ജെൻസി പ്രക്ഷോഭങ്ങളായിരുന്നു. ഈ സാഹചര്യത്തിൽ രാഹുലിന്റെ ജെൻസി പരാമർശത്തെ ശക്തമായി വിമർശിച്ച് ബിജെപി രംഗത്തെത്തി.
യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ‘വോട്ട് മോഷണം’ എന്ന ആരോപണം രാഹുൽ ഉന്നയിച്ചത് ജെൻസി എന്നറിയപ്പെടുന്ന യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രാഹുൽ ഗാന്ധിയുടെ പോസ്റ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭരണഘടനയെ സംരക്ഷിക്കുകയും ജനാധിപത്യത്തെ സംരക്ഷിക്കുകയും വോട്ട് മോഷണം തടയുകയും ചെയ്യും.” എന്ന രാഹുൽ ഗാന്ധിയുടെ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, രാജ്യത്തെ യുവാക്കൾ, രാജ്യത്തിന്റെ വിദ്യാർത്ഥികൾ, രാജ്യത്തിന്റെ ജെൻസി വിഭാഗങ്ങളെ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു. ഇത് നേപ്പാളിൽ കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭം പോലെ യുവതലമുറയെ തെറ്റിധരിപ്പിക്കാനുള്ള ആഹ്വാനമാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. വോട്ടർപട്ടിക ക്രമക്കേട് അടക്കം രാഹുലിന്റെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ഇത് ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുമെന്നും നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി.