ബിഹാറിൽ ‘വോട്ടർ അധികാർ യാത്ര’ തിങ്കളാഴ്ച സമാപിക്കും; യാത്ര രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന് രാഹുൽ

ബിഹാറിൽ  ‘വോട്ടർ അധികാർ യാത്ര’ തിങ്കളാഴ്ച സമാപിക്കും; യാത്ര രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന് രാഹുൽ

പട്ന: ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ നാളെ (തിങ്കളാഴ്ച) സമാപിക്കും. പട്നയിലെ പദയാത്രയോടെയാണ് വോട്ടർ അധികാർ യാത്രക്ക് സമാപനമാകുന്നത്. ഗാന്ധി മൈതാനത്ത് നിന്ന് ആരംഭിക്കുന്ന പദയാത്ര അംബേദ്കർ പാർക്കിൽ അവസാനിക്കും. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെ ‘ഇന്ത്യ’ മുന്നണിയിലെ മുതിർന്ന നേതാക്കൾ പദയാത്രയിൽ പങ്കെടുക്കും.

ബിഹാറിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് യാത്ര കടന്നുപോയത്. 14 ദിവസം നീണ്ടുനിന്ന വോട്ടർ അധികാർ യാത്രയിലൂടെ ബിഹാറിൽ ‘ഇന്ത്യ’ സഖ്യം ശക്തി തെളിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, സച്ചിൻ പൈലറ്റ്, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, കനിമൊഴി എം.പി. തുടങ്ങിയവർ യാത്രയിൽ അണിനിരന്നിരുന്നു.

പര്യടനത്തിന്റെ അവസാന ദിവസമായ ഇന്നലെ ബിഹാറിലെ സരൺ നിന്നാണ് യാത്ര ആരംഭിച്ചത്. രാഹുൽ ഗാന്ധിക്കും തേജസ്വി യാദവിനും ഒപ്പം സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും യാത്രയിൽ പങ്കെടുത്തത് നിർണായകമായി. യാത്രയിൽ പങ്കെടുത്ത അഖിലേഷ് യാദവ് എൻ.ഡി.എക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ബി.ജെ.പി.യുടെ ലക്ഷ്യം വോട്ട് മോഷണമല്ല, വോട്ട് കൊള്ളയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പര്യടനത്തിന്റെ അവസാന ഘട്ടത്തിലും വലിയ ജനപിന്തുണയാണ് ബിഹാറിൽ നിന്ന് ലഭിച്ചത്.

ഓഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്ന് ആരംഭിച്ച യാത്രയിൽ ‘ഇന്ത്യ’ സഖ്യത്തിലെ മുതിർന്ന നേതാക്കൾ അടക്കം അണിനിരന്നിരുന്നു. ഇന്ന് ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നാളെ പദയാത്രയോടെ വോട്ടർ അധികാർ യാത്ര അവസാനിക്കും.

അതേസമയം, ബിഹാറിൻ്റെ അടുത്ത മുഖ്യമന്ത്രി താൻ തന്നെയാണെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യുടെ ഭാഗമായി നടന്ന പൊതുപരിപാടിയിലാണ് ഈ പ്രഖ്യാപനം. അടുത്തിടെ രാഹുൽ ഗാന്ധിയോട് ബിഹാറിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വിയായിരിക്കുമോ എന്ന് ചോദിച്ചിരുന്നുവെങ്കിലും അദ്ദേഹം മറുപടി നൽകിയിരുന്നില്ല. തേജസ്വി ഈ പ്രഖ്യാപനം നടത്തുമ്പോൾ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വേദിയിലുണ്ടായിരുന്നു. ആരായിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്യവെ തേജസ്വി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ രൂക്ഷമായി വിമർശിച്ചു. അദ്ദേഹത്തെ ‘കോപ്പികാറ്റ് മുഖ്യമന്ത്രി’ എന്നാണ് തേജസ്വി വിളിച്ചത്. നിതീഷ് തന്റെ നയങ്ങൾ പകർത്തിയാണ് പ്രഖ്യാപനങ്ങൾ നടത്തുന്നതെന്നും തേജസ്വി ആരോപിച്ചു. ‘തേജസ്വി മുന്നോട്ട് പോവുകയാണ്, സർക്കാർ പിന്നാലെയുണ്ട്. ഒറിജിനൽ മുഖ്യമന്ത്രിയെയാണോ അതോ ഡ്യൂപ്ലിക്കേറ്റ് മുഖ്യമന്ത്രിയെയാണോ നിങ്ങൾക്ക് വേണ്ടത്?’ എന്ന് തേജസ്വി ജനങ്ങളോട് ചോദിച്ചു.

സഖ്യത്തിന് നേതൃത്വം നൽകുന്നത് കോൺഗ്രസ് ആണെങ്കിലും ബിഹാറിൽ തങ്ങളാണ് വലിയ കക്ഷിയെന്ന സൂചനയാണ് തേജസ്വി നൽകിയത്. യാത്രയിൽ രാഹുലിനൊപ്പം തേജസ്വിയും സജീവമായി പങ്കെടുക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ പ്രത്യക്ഷത്തിൽ പ്രശ്നങ്ങളില്ലെങ്കിലും, മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്നത് പരസ്യമായി പ്രഖ്യാപിക്കാൻ കോൺഗ്രസും രാഹുലും മടിക്കുന്നത് നേരിയ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടായിരിക്കാം തേജസ്വിയെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസ് മടിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിട്ടുനൽകാൻ ആർ.ജെ.ഡി. തയ്യാറാകുമോ എന്നതാണ് പ്രധാന പ്രശ്നം. 2020ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചെങ്കിലും 19 സീറ്റുകൾ മാത്രമേ നേടിയിരുന്നുള്ളൂ. 75 സീറ്റുകളുമായി ആർ.ജെ.ഡി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നിട്ടും, കോൺഗ്രസിൻ്റെ മോശം പ്രകടനം സഖ്യത്തെ ബാധിച്ചു. ഇത്തവണയും 70 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെന്നാണ് റിപ്പോർട്ട്.

Rahul Gandhi’s ‘Voter Adhikar Yatra’ in Bihar will conclude tomorrow

Share Email
LATEST
More Articles
Top