ഗൂഗിളിന് ആശ്വാസം; ക്രോം, ആൻഡ്രോയിഡ് വിറ്റഴിക്കേണ്ടതില്ലെന്ന് കോടതി

ഗൂഗിളിന് ആശ്വാസം; ക്രോം, ആൻഡ്രോയിഡ് വിറ്റഴിക്കേണ്ടതില്ലെന്ന് കോടതി

വര്‍ഷങ്ങളായി നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഗൂഗിളിന് വലിയ ആശ്വാസമാണ് യു.എസ് ജില്ലാ ജഡ്ജി അമിത് മേത്ത നല്‍കിയ വിധി. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റവും ക്രോം ബ്രൗസറും വിറ്റഴിക്കേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഓൺലൈൻ വിപണിയിൽ മത്സരം ഉറപ്പാക്കാൻ ഗൂഗിള്‍ സെർച്ച് ഡാറ്റ എതിരാളികളായ സ്ഥാപനങ്ങളുമായി പങ്കിടണമെന്ന് നിർദ്ദേശിച്ചു. ആപ്പിളുമായുള്ള ഡിഫോൾട്ട് സെർച്ച് എഞ്ചിൻ കരാർ തുടരാനും കമ്പനിക്ക് അനുമതി ലഭിച്ചു.

അഞ്ച് വർഷം നീണ്ട പോരാട്ടത്തിന് വിരാമം

സെർച്ച് സേവനത്തിലും ബന്ധപ്പെട്ട പരസ്യവിതരണത്തിലും ഗൂഗിള്‍ നിയമവിരുദ്ധമായി കുത്തക കൈവശം വച്ചുവെന്ന സർക്കാരിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് വർഷമായി കേസ് നടന്നത്. കുത്തക അവസാനിപ്പിക്കാൻ ഗൂഗിള്‍ സ്വന്തം ഉൽപ്പന്നങ്ങളായ ക്രോം, ആൻഡ്രോയിഡ് ഒഎസ് മുതലായവയിൽ നിന്ന് ഉടമസ്ഥാവകാശം ഒഴിയണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുപ്രധാന ഉൽപ്പന്നങ്ങളെ വേർതിരിക്കേണ്ടതില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

എതിരാളികൾക്ക് അവസരം

ഗൂഗിള്‍ സെർച്ച് ഡാറ്റ എതിരാളികൾക്കൊപ്പം പങ്കിടണമെന്ന കോടതി നിർദ്ദേശം മത്സര രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. വികസിച്ചുവരുന്ന എ.ഐ സെർച്ച് ടൂളുകൾക്കും ചാറ്റ്ബോട്ടുകൾക്കും ഈ ഡാറ്റ ലഭ്യമാക്കുന്നതിലൂടെ ഗൂഗിളിന്റെ മേധാവിത്തം കുറയ്ക്കാനാകും. പരമ്പരാഗത സെർച്ച് എൻജിനുകളേക്കാൾ മുന്നേറ്റ ശേഷിയുള്ള ഓപ്പൺ എ.ഐ പോലുള്ള കമ്പനികൾക്ക് ഇതിലൂടെ കൂടുതൽ അവസരം ലഭിക്കുമെന്നാണ് ജഡ്ജി അമിത് മേത്ത വ്യക്തമാക്കിയത്.

ആപ്പിളിന് ഗുണം

ആപ്പിള്‍ ഉപകരണങ്ങളില്‍ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി തുടരാൻ ഗൂഗിള്‍ വർഷംതോറും ഏകദേശം 2000 കോടി ഡോളർ നൽകുന്നു. കോടതി ഉത്തരവിന് പിന്നാലെ ആപ്പിളിന്റെ ഓഹരി വില 7.2 ശതമാനം ഉയർന്നു.

പുതിയ വിലക്കുകൾ

ഗൂഗിളിന് ഇനി എതിരാളികളുടെ സെർച്ച് ആപ്പുകളെ ഒഴിവാക്കുന്ന തരത്തിലുള്ള കരാറുകൾ കമ്പനിയുമായി ചെയ്യാൻ കഴിയില്ല. സാംസങ്, മൊട്ടോറോള, എടി&ടി, വെരിസോൺ തുടങ്ങിയ സ്ഥാപനങ്ങളുമായി ഉണ്ടായിരുന്ന കരാറുകൾ ഇത്തരത്തിലായിരുന്നു. ഇനി മുതൽ എതിരാളി സെർച്ച് എഞ്ചിനുകൾക്കും ബ്രൗസർ ആപ്പുകൾക്കും ഉപകരണങ്ങളിൽ മുൻകൂട്ടി ഇടം ലഭിക്കും.

സ്വകാര്യതയെ കുറിച്ചുള്ള ആശങ്ക

സെർച്ച് ഡാറ്റ പങ്കിടേണ്ടെന്ന നിർദ്ദേശത്തെക്കുറിച്ച് ഗൂഗിള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്നതാണ് കമ്പനിയുടെ വാദം. കോടതി ഉത്തരവിനെക്കുറിച്ച് കമ്പനി വിശകലനം നടത്തികൊണ്ടിരിക്കുകയാണ്. ആവശ്യമെങ്കിൽ അപ്പീൽ നൽകാനും വിഷയമൊടുവിൽ യു.എസ് സുപ്രീം കോടതിയിൽ എത്താനും സാധ്യതയുണ്ട്.

Relief for Google; Court rules Chrome and Android need not be sold

Share Email
LATEST
More Articles
Top