പാരീസ്: ഫ്രാൻസിലെ സൗത്ത് ആഫ്രിക്കൻ അംബാസഡർ എൻകോസിനാതി എമ്മാനുവൽ മതെത്‌വ (58) പാരീസിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറൻ ഫ്രാൻസിലെ ഹയാത് റീജെന്‍സി ഹോട്ടലിന് പുറത്താണ് ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023-ൽ ഫ്രാൻസിലെ അംബാസഡറായി നിയമിതനായ മതെത്‌വ, ഹോട്ടലിലെ 22-ാം നിലയിൽ മുറിയെടുത്തിരുന്നു.
അദ്ദേഹത്തിന്റെ മുറിയുടെ വാതിൽ ബലംപ്രയോഗിച്ച് തുറന്ന നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിങ്കളാഴ്ച, മതെത്‌വയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. ആശങ്കാജനകമായ ഒരു ടെക്സ്റ്റ് മെസേജ് ലഭിച്ചതിനെ തുടർന്നാണ് ഭാര്യ പരാതി നൽകിയതെന്ന് പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്, പ്രാഥമിക നിഗമനങ്ങൾ അദ്ദേഹം ജീവനൊടുക്കിയതാകാമെന്ന് സൂചിപ്പിക്കുന്നു. മതെത്‌വയുടെ മരണം ദേശീയ നഷ്ടമാണെന്ന് സൗത്ത് ആഫ്രിക്കയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.













