കൊച്ചി: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരളവും അമേരിക്കൻ സംസ്ഥാനമായ ന്യൂജേഴ്സിയും തമ്മിലുള്ള വാണിജ്യ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ന്യൂജേഴ്സി ഗവർണർ ഫിൽ മർഫിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും തുടർന്ന് നടന്ന ബിസിനസ് മീറ്റിനും ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂജേഴ്സിയിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വിദേശ നിക്ഷേപം ആകർഷിക്കുന്നതിലൂടെ കേരളത്തെ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് ന്യൂജേഴ്സിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് ഗവർണർ ഫിലിപ്പ് ഡി. മർഫി പ്രതികരിച്ചു. ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂജേഴ്സി ഭരണകൂടം കേരളത്തിൽ ഉന്നത വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിക്ഷേപം നടത്താൻ താല്പര്യം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മികച്ച ഭരണാധികാരിയാണെന്നും കേരളം നിക്ഷേപകർക്ക് അനുകൂലമായ സംസ്ഥാനമാണെന്നും ഗവർണർ പ്രശംസിച്ചു. ന്യൂജേഴ്സിയിൽ ഇന്ത്യൻ കമ്പനികൾക്ക് വലിയ സാധ്യതകളുണ്ട്. തന്റെ ഭരണകാലത്ത് ഇന്ത്യക്കാർക്കായി 3000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. കൂടുതൽ തൊഴിൽ സാധ്യതകൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്ത് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളും ആധുനികവൽക്കരിച്ച തുറമുഖങ്ങളുമായി കേരളം രാജ്യത്തിന് തന്നെ മാതൃകയായി മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി സ്വാഗതം ആശംസിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയാണ് കേരളം ഭരിക്കുന്നതെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സ്വപ്നത്തിന് കേരളത്തിന്റെ വളർച്ച കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ഫിലിപ്പ് ഡി. മർഫിയുടെ ഭാര്യ താമി മർഫി, വ്യവസായ മന്ത്രി പി. രാജീവ്, മേയർ എം. അനിൽകുമാർ, ന്യൂജേഴ്സി സർക്കാരിന്റെ പ്രതിനിധികൾ, സംസ്ഥാന സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, മാധ്യമ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Right time for investment: Chief Minister Pinarayi Vijayan invites American investors