തമിഴ്‌നാട്ടില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആഗോള എയ്റോസ്പേസ് – പ്രതിരോധ സാങ്കേതികവിദ്യാ സ്ഥാപനമായ റോള്‍സ് റോയ്‌സ്. ഹൊസൂരില്‍ ഒരു എംആര്‍ഒ (മെയിന്റനന്‍സ്, റിപ്പയര്‍, ഓവര്‍ഹോള്‍) സൗകര്യം, ഒരു ഗവേഷണ-വികസന, പരിശീലന കേന്ദ്രം എന്നിവ സ്ഥാപിക്കാനും, നിലവിലുള്ള സംയുക്ത സംരംഭം ഗണ്യമായി വികസിപ്പിക്കാനുമാണ് കമ്പനിയുടെ പദ്ധതി.
നൂതന എയ്റോസ്പേസ് സാങ്കേതികവിദ്യയുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് നീക്കമെന്ന് തമിഴ്‌നാട് വ്യവസായ വകുപ്പ് അറിയിച്ചു. ഇന്ത്യയിലെ രണ്ട് പ്രതിരോധ വ്യവസായ ഇടനാഴികളില്‍ ഒന്നിന്റെ ആസ്ഥാനമായ തമിഴ്നാടിനെ റോള്‍സ് റോയ്‌സുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും അവര്‍ അവകാശപ്പെട്ടു.
യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ യുകെയില്‍ നിരവധി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുകയും പ്രതിരോധ-എയ്റോസ്പേസ്, സമുദ്രഗതാഗതം, പുനരുപയോഗ ഊര്‍ജ്ജം, ടെക്‌സ്‌റ്റൈല്‍സ്, ഡിസൈന്‍ തുടങ്ങിയ മേഖലകളില്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ലോയിഡ്സ് ലിസ്റ്റ് ഇന്റലിജന്‍സ് ചെന്നൈയിലെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്റര്‍ വികസിപ്പിക്കുകയും 2026 സാമ്പത്തിക വര്‍ഷത്തോടെ 200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 543 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന 300 കോടി രൂപയുടെ ഒരു ട്രാന്‍സ്ഫോര്‍മര്‍ പ്ലാന്റ് വില്‍സണ്‍ പവര്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ടെക്‌നോളജീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രിട്ടാനിയ ആര്‍എഫ്‌ഐഡി ടെക്‌നോളജീസ് ഇന്ത്യ തിരുപ്പൂരിലും നാമക്കലിലുമായി ആര്‍എഫ്‌ഐഡി ടാഗ് യൂണിറ്റുകള്‍ക്കായി 520 കോടി രൂപ നിക്ഷേപിക്കുകയും 550 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. വിദ്യാഭ്യാസ രംഗത്ത്, എകോള്‍ ഇന്‍ട്യൂട്ട് ലാബ്, ശക്തി എക്‌സലന്‍സ് അക്കാദമിയുമായി സഹകരിച്ച് കോയമ്പത്തൂരില്‍ ഒരു ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും. എക്‌സെറ്റര്‍ സര്‍വകലാശാല സംയുക്ത ഗവേഷണത്തിനും ഫാക്കല്‍റ്റി കൈമാറ്റത്തിനുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന ഈ നീക്കങ്ങള്‍ തമിഴ്നാടിനെ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള ദീര്‍ഘകാല നടപടികളുടെ ഭാഗമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നു.
Rolls-Royce to strengthen presence in Tamil Nadu