ലോകകപ്പ് ഫുട്ബോൾ ജ്വരം ആരാധകരിലേക്ക് വ്യാപിച്ചു തുടങ്ങി. 2026 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങൾ വിവിധയിടങ്ങളിൽ പുരോഗമിക്കുന്നതിനിടെ, അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഈ മഹാമേളയ്ക്ക് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. അടുത്ത വർഷം ജൂണിൽ നടക്കുന്ന ടൂർണമെന്റിലേക്ക് ഇനി ഒരു വർഷത്തിൽ താഴെ മാത്രമാണ് ശേഷിക്കുന്നത്. ഇതോടെ ടിക്കറ്റിനായി ആരാധകർ ആവേശത്തോടെ ബുക്കിംഗ് തുടങ്ങുകയും ചെയ്തു.
ബുക്കിംഗ് തുറന്നതിന് പിന്നാലെ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടുമുള്ള 15 ലക്ഷം ആരാധകർ ടിക്കറ്റിനായി അപേക്ഷിച്ചു. ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചത് നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയുടെ മത്സരങ്ങൾക്കാണ്. ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവയ്ക്കൊപ്പം കൊളംബിയ, ബ്രസീൽ, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ രാജ്യങ്ങളിലും മത്സരങ്ങൾക്ക് വലിയ ഡിമാൻഡ് അനുഭവപ്പെട്ടു.
ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സെപ്റ്റംബർ 19 വരെ ആരാധകർക്ക് ടിക്കറ്റ് അപേക്ഷിക്കാനാവുക. നറുക്കെടുപ്പിലൂടെയാണ് അപേക്ഷകരിൽ നിന്നും ടിക്കറ്റിനർഹരെ തിരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവരെ സെപ്റ്റംബർ 29 മുതൽ ഇമെയിൽ വഴി അറിയിക്കും. ഒക്ടോബർ 1 മുതൽ അവർക്ക് ആവശ്യമായ തുക അടച്ച് ടിക്കറ്റ് ഉറപ്പിക്കാം.
ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങൾക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 60 ഡോളർ (ഏകദേശം ₹5,290) ആയി നിശ്ചയിച്ചിട്ടുണ്ട്. ഏറ്റവും വിലയേറിയ ടിക്കറ്റിന്റെ നിരക്ക് 6,730 ഡോളർ (ഏകദേശം ₹5.94 ലക്ഷം) വരെയാകും.
48 ടീമുകൾ പങ്കെടുക്കുന്ന ഈ ലോകകപ്പിന് ജൂൺ 11-നാണ് കിക്കോഫ്. ജൂലൈ 19-വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് മൂന്ന് രാജ്യങ്ങളിലായി 16 നഗരങ്ങൾ വേദിയാകും. ടിക്കറ്റുകൾ ഘട്ടംഘട്ടമായാണ് വിൽപ്പന നടത്തുന്നത്. ആദ്യഘട്ടത്തിൽ ഗ്രൂപ്പ് റൗണ്ടിലെ ഗാലറി ടിക്കറ്റുകൾ 60 ഡോളറിന് ലഭ്യമാണെങ്കിലും, മത്സരം അടുത്തുവരുമ്പോൾ നിരക്ക് ഉയരാൻ സാധ്യതയുണ്ട്.
Rush for Argentina Matches; World Cup Kickoff in USA, Mexico, and Canada on June 11