തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗാഷ്ടമി ദിനമായ സെപ്റ്റംബർ 30 (ചൊവ്വാഴ്ച) കൂടി പൊതു അവധിയായി സർക്കാർ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. ഇതോടെ നവരാത്രി അവധി മൂന്ന് ദിവസമായി വർധിച്ചു.
സാധാരണയായി മഹാനവമി, വിജയദശമി ദിനങ്ങളിലാണ് നവരാത്രിക്ക് അവധി നൽകിയിരുന്നത്. എന്നാൽ ദുർഗാഷ്ടമിക്ക് പ്രാധാന്യം നൽകി അവധി അനുവദിക്കണമെന്ന് ഹൈന്ദവ സംഘടനകൾ സർക്കാരിന് നിവേദനം നൽകിയിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് സുപ്രധാന തീരുമാനം.
അവധി ആർക്കൊക്കെ?
- സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ.
- പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
- നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ.
ശ്രദ്ധിക്കുക: നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, സഭയിലെ ചുമതല വഹിക്കുന്ന ജീവനക്കാർക്ക് ഈ അവധി ബാധകമായിരിക്കില്ല. ജീവനക്കാർ ജോലിക്ക് എത്തുന്നുണ്ടെന്ന് മേധാവിമാർ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.