മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന കേസിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന കേസിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

മംഗളൂരു: മലയാളി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്ന കേസിൽ യുവതി ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. ബൈന്ദൂർ സ്വദേശികളായ സവാദ് (28), സെയ്ഫുള്ള (38), മുഹമ്മദ് നാസിർ ഷെരീഫ് (36), അബ്ദുൾ സത്താർ (23), അസ്മ (43), ശിവമൊഗ്ഗ സ്വദേശി അബ്ദുൾ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ രണ്ട് കാറുകളും പോലീസ് പിടിച്ചെടുത്തു.

കാസർകോട് സ്വദേശിയായ 37-കാരനെ ഹണിട്രാപ്പിൽ കുടുക്കി കുന്ദാപുരയിലെ വീട്ടിലേക്ക് കൊണ്ടുപോയി മർദിച്ച് പണം കവർന്ന കേസിലാണ് കുന്ദാപുര പോലീസ് പ്രതികളെ പിടികൂടിയത്. തട്ടിക്കൊണ്ടുപോകൽ, കവർച്ച, മർദനം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിലൂടെ പരിചയപ്പെട്ട അസ്മ, കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കാണാമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. കുന്ദാപുരയിലെ ഒരു പെട്രോൾ പമ്പിന് സമീപത്തുവെച്ച് കാണാമെന്ന് യുവതി പറഞ്ഞതനുസരിച്ച് യുവാവ് അവിടെയെത്തി. തുടർന്ന് യുവതി ഇയാളെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിന് പിന്നാലെ മറ്റു പ്രതികളും അവിടെയെത്തി.

തുടർന്ന് യുവാവിൽനിന്ന് പണം ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. വിട്ടയക്കണമെങ്കിൽ മൂന്ന് ലക്ഷം രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. യുവാവിന്റെ കൈവശമുണ്ടായിരുന്ന 6,200 രൂപയും യുപിഐ വഴി അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപയും തട്ടിയെടുത്തു. യുവാവിൻ്റെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപയും പിൻവലിച്ചു. ഇതിനു ശേഷമാണ് യുവാവിനെ പ്രതികൾ വിട്ടയച്ചത്.

Six people, including a woman, arrested in the case of honey-trapping a Malayali youth and extorting money

Share Email
Top