ചെന്നൈ : കരൂരിൽ നടന്ന ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ കൂടുതൽ ശക്തമാക്കി. സംഭവത്തിൽ ടി.വി.കെ. പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.
പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ടവരിൽ ഒരാളായ പൗൺ രാജ് എന്ന കരൂർ സ്വദേശിയാണ് പുതുതായി കസ്റ്റഡിയിലായത്. ഇതിനു പുറമെ, പ്രമുഖ ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡിനെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബ് വീഡിയോകളുമായി ബന്ധപ്പെട്ടാണ് ഫെലിക്സ് ജെറാൾഡിനെ രാവിലെ കസ്റ്റഡിയിലെടുത്തത്. സെന്തിൽ ബാലാജിയുടെ ഇടപെടലുകൾ സംബന്ധിച്ച വീഡിയോ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നു അറസ്റ്റ്. ‘റെഡ്പിക്സ് യൂട്യൂബ്’ ചാനലിന്റെ എഡിറ്ററായ ഇയാൾ, നിലവിലെ സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ്.
അതേസമയം, ഇന്നലെ ദിണ്ടികലിൽ വെച്ച് അറസ്റ്റിലായ ടി.വി.കെ. നേതാവ് മതിയഴകനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടാതെ, ടി.വി.കെ.യുടെ മറ്റ് പ്രമുഖ നേതാക്കളായ ബുസി ആനന്ദ്, നിർമ്മൽ കുമാർ എന്നിവരെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ ഇരുവരും ഒളിവിൽ തുടരുകയാണ്. ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുടെ അറസ്റ്റ് തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ കരൂരിലെ ദുരന്തഭൂമി സന്ദർശിക്കും. കോയമ്പത്തൂരിൽ വിമാനം ഇറങ്ങുന്ന അദ്ദേഹം 11 മണിയോടെ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി നടൻ കൂടിയായ ടി.വി.കെ. സ്ഥാപകൻ വിജയിയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. വേണുഗോപാലിന്റെ സന്ദർശനത്തിൽ രാഷ്ട്രീയതലത്തിൽ എന്ത് പ്രതികരണമുണ്ടാകും എന്നുള്ളത് ആകാംക്ഷയുണർത്തുന്ന ഒന്നാണ്. നിലവിൽ, ജുഡീഷ്യൽ അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് തുടരുകയാണ്. റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്. ചികിത്സയിൽ കഴിയുന്ന കൂടുതൽ പേർ ആശുപത്രി വിട്ടുപോകുന്നതായും വിവരമുണ്ട്.













