വാഷിംഗ്ടൺ: കഴിഞ്ഞ ഏഴ് മാസത്തിനിടെ തന്‍റെ ഭരണകൂടം വലിയ നേട്ടങ്ങൾ കൈവരിച്ചുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “ഞങ്ങൾ ഏഴ് യുദ്ധങ്ങൾ നിർത്തി, കഴിഞ്ഞ ഏഴ് മാസത്തിനിടെ മറ്റാരും ഇത് ചെയ്തിട്ടില്ല,” റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾക്ക് വൈറ്റ് ഹൗസിൽ നൽകിയ അത്താഴവിരുന്നിൽ ട്രംപ് പറഞ്ഞു. വിദേശനയത്തിലെ വിജയങ്ങളെ ആഭ്യന്തര സുരക്ഷാ അജണ്ടയുമായി ബന്ധിപ്പിക്കാൻ അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.
വിദേശ രാജ്യങ്ങളിലെ നയതന്ത്രപരമായ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയതിനൊപ്പം, ആഭ്യന്തരപരമായ വിവാദപരമായ നീക്കങ്ങളിലും അദ്ദേഹം ഉറച്ചുനിന്നു. കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന പോർട്ട്‌ലാൻഡ്, ചിക്കാഗോ, ന്യൂ ഓർലിയൻസ് തുടങ്ങിയ നഗരങ്ങളിൽ ഫെഡറൽ സേനയെ വിന്യസിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. വാഷിംഗ്ടൺ ഡിസി രാജ്യത്തെ ഏറ്റവും അപകടകരമായ നഗരമായിരുന്നു. എന്നാൽ 12 ദിവസത്തിന് ശേഷം അത് ഒരു സുരക്ഷിത നഗരമായി അറിയപ്പെട്ടുവെന്ന് ട്രംപ് പറഞ്ഞു.
കഴിഞ്ഞ ജൂണിൽ നഗരത്തിലെ മെട്രോപൊളിറ്റൻ പോലീസിനെ ഫെഡറൽ നിയന്ത്രണത്തിലാക്കാനും നാഷണൽ ഗാർഡിനെ വിന്യസിക്കാനും ട്രംപ് തീരുമാനിച്ചിരുന്നു. ഈ നീക്കം നഗരത്തിലെ ഡെമോക്രാറ്റിക് നേതൃത്വവുമായി നിയമയുദ്ധത്തിന് കാരണമായിരുന്നു. അതേസമയം, കുടിയേറ്റ, മയക്കുമരുന്ന് കേസുകളിൽ നാഷണൽ ഗാർഡ് സൈനികരെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് കാലിഫോർണിയ ഫെഡറൽ ജഡ്ജി ഈ ആഴ്ച വിധിച്ചിരുന്നു. എന്നിരുന്നാലും, നിയമവാഴ്ച പുനഃസ്ഥാപിക്കാനുള്ള ദേശീയ കാമ്പെയ്‌നിൽ നിന്ന് തന്റെ ഭരണകൂടം പിന്മാറില്ലെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.