ബ്രിട്ടീഷ് എയർവെയ്‌സ് ജീവനക്കാർക്ക് കർശന നിയമങ്ങൾ; പൊതുസ്ഥലങ്ങളിൽ കാപ്പി കുടിക്കാനും ഹോട്ടൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും വിലക്ക്

ബ്രിട്ടീഷ് എയർവെയ്‌സ് ജീവനക്കാർക്ക് കർശന നിയമങ്ങൾ; പൊതുസ്ഥലങ്ങളിൽ കാപ്പി കുടിക്കാനും ഹോട്ടൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനും വിലക്ക്

ബ്രിട്ടീഷ് എയർവെയ്‌സ് ജീവനക്കാരുടെ പെരുമാറ്റത്തിൽ പുതുക്കിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. പൈലറ്റുമാരും ഫ്‌ളൈറ്റ് അറ്റൻഡർമാരും ഉൾപ്പെടെയുള്ള ജീവനക്കാർക്കായി തയ്യാറാക്കിയിരിക്കുന്ന ഈ മാർഗനിർദേശങ്ങൾ കർശനമായി നടപ്പാക്കുമെന്നും കമ്പനി അറിയിച്ചു. പ്രൊഫഷണലും സ്ഥിരതയുള്ളതുമായ പ്രതിച്ഛായ നിലനിർത്താനാണ് നടപടിയെന്നു കമ്പനി വ്യക്തമാക്കുന്നു.

യൂണിഫോം ധരിച്ചിരിക്കെ പൊതുസ്ഥലങ്ങളിൽ കാപ്പി, ചായ, കോള തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പൊതുസ്ഥലങ്ങളിൽ പച്ചവെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. അതും ശ്രദ്ധിക്കപ്പെടാതെ കുടിക്കണമെന്ന് നിർദേശം. കാപ്പി ഉൾപ്പെടെയുള്ള പാനീയങ്ങൾ സ്റ്റാഫ് റൂമുകളിലോ കഫറ്റീരിയകളിലോ മാത്രമേ ഉപയോഗിക്കാവൂ.

കാഴ്ചയും രൂപവും സംബന്ധിച്ചും നിയമങ്ങൾ നിലവിൽവന്നിട്ടുണ്ട്. കമ്പനി അംഗീകരിച്ചിട്ടുള്ള ഷെയ്ഡുകളിലുള്ള നേയിൽ പോളിഷ്, ലിപ്സ്റ്റിക്, ഹെയർ സ്റ്റൈൽ, കണ്ണട മുതലായവ മാത്രമേ ജീവനക്കാർക്ക് ഉപയോഗിക്കാനാവൂ. യൂണിഫോം ധരിച്ചിരിക്കെ ജോലിയുടെ ഭാഗമല്ലാത്ത യാത്രകൾ ചെയ്യുന്നതും വിലക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ടും കടുത്ത നിയന്ത്രണങ്ങളുണ്ട്. ലേ ഓവർ സമയത്ത് താമസിക്കുന്ന ഹോട്ടലുകളിൽ നിന്ന് ഫോട്ടോയും വീഡിയോയും എടുക്കാൻ പാടില്ല. സ്വകാര്യ അക്കൗണ്ടുകളിലുപോലും ഇത്തരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുതെന്ന് കമ്പനി നിർദേശിച്ചു. നേരത്തെ പോസ്റ്റ് ചെയ്തവയും നീക്കം ചെയ്യണം.

സുരക്ഷയാണ് ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ആധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങളുടെ പശ്ചാത്തലം പരിശോധിച്ച് ഹോട്ടൽ കണ്ടെത്താനാവും. ഇതിലൂടെ ജീവനക്കാരുടെ സുരക്ഷക്ക് ഭീഷണി ഉയർന്നേക്കാമെന്നതിനാലാണ് നിയന്ത്രണം. നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി.

അതേസമയം, ജീവനക്കാരുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം നിയമങ്ങൾക്കെതിരെ വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

Strict Rules for British Airways Staff; Ban on Drinking Coffee in Public and Posting Hotel Photos

Share Email
LATEST
More Articles
Top