വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് താരിഫുകൾ ഏർപ്പെടുത്താനുള്ള അധികാരത്തെ ചോദ്യം ചെയ്യുന്ന ഹർജിയിൽ യുഎസ് സുപ്രീം കോടതി നവംബർ 5 മുതൽ വാദം കേൾക്കും. ട്രംപിന്റെ സാമ്പത്തിക, വ്യവസായ അജണ്ടയ്ക്ക് നിർണായകമായ വിശാലമായ ഗ്ലോബൽ താരിഫുകൾ നിശ്ചയിക്കാനുള്ള എക്സിക്യൂട്ടീവ് അധികാരത്തെ സംബന്ധിച്ചാണ് ഈ കേസ്. ട്രംപ് തന്റെ അധികാര പരിധി ലംഘിച്ചാണ് താരിഫുകൾ പ്രഖ്യാപിച്ചതെന്ന് കീഴ്‌കോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ ഫെഡറൽ ഗവൺമെന്റ് നൽകിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അരിസോണ, കൊളറാഡോ ഉൾപ്പെടെ 12 ഡെമോക്രാറ്റിക് ഭരണ സംസ്ഥാനങ്ങളും ചെറുകിട വ്യവസായങ്ങളും ചേർന്നാണ് ഈ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഒക്ടോബർ 6 മുതൽ ആരംഭിക്കുന്ന സുപ്രീം കോടതിയുടെ 9 മാസത്തെ സിറ്റിങ് കാലയളവിൽ, ട്രംപിന്റെ താരിഫുകൾക്കെതിരെ ഒരു കുടുംബ ഉടമസ്ഥതയിലുള്ള കളിപ്പാട്ട നിർമാണ കമ്പനി നൽകിയ ഹർജിയും പരിഗണിക്കും. ഈ കേസിന്റെ തീരുമാനം ട്രംപിന്റെ നയങ്ങളെ അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും ഒരുപോലെ സുപ്രധാനമായിരിക്കും.
 













