‘ഞാനതിൽ ജയിച്ചാൽ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി അമേരിക്ക മാറും’; താരിഫ് കേസിനെ കുറിച്ച് ട്രംപ്

‘ഞാനതിൽ ജയിച്ചാൽ ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി അമേരിക്ക മാറും’; താരിഫ് കേസിനെ കുറിച്ച് ട്രംപ്

വാഷിംഗ്ടൺ: തന്‍റെ താരിഫ് നയവുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിൽ നിന്ന് വിജയം നേടിയാൽ അമേരിക്ക “ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി” മാറുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത് വാഷിംഗ്ടണിന് വലിയ വിലപേശൽ ശേഷി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

“താരിഫ് ഉപയോഗിച്ച് ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു”

“താരിഫുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ നമ്മൾ വിജയിക്കുകയാണെങ്കിൽ, ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി നമ്മൾ മാറും. നമുക്ക് വലിയ വിലപേശൽ ശക്തി ലഭിക്കും. താരിഫ് ഉപയോഗിച്ച് ഞാൻ ഏഴ് യുദ്ധങ്ങൾ അവസാനിപ്പിച്ചു. അതിൽ നാലെണ്ണം താരിഫ് ഏർപ്പെടുത്താൻ എനിക്ക് സാധിച്ചത് കൊണ്ടാണ്,” യുകെ സന്ദർശനത്തിന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.

സുപ്രീം കോടതി കേസ്

ചൈന, ഇന്ത്യ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് താരിഫ് ഏർപ്പെടുത്തിയത് അധികാരപരിധി ലംഘിച്ചോ എന്ന വിഷയത്തിൽ നവംബറിൽ സുപ്രീം കോടതി വാദം കേൾക്കും. താരിഫുകളിൽ ഭരണഘടനാപരമായ അധികാരം കോൺഗ്രസിനാണെന്നും പ്രസിഡൻ്റിനല്ലെന്നും ചൂണ്ടിക്കാട്ടി താഴ്ന്ന കോടതികൾ നേരത്തെ ട്രംപിന്റെ നയം നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്.

Share Email
Top