കേരളാ ക്രിക്കറ്റ് ലീഗില്‍ നീലപ്പടയുടെ കൊടിയേറ്റം

കേരളാ ക്രിക്കറ്റ് ലീഗില്‍ നീലപ്പടയുടെ കൊടിയേറ്റം

കൊല്ലം സെയിലേഴ്‌സിനെ 75 റണ്‍സിന് തകര്‍ത്ത് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസിഎല്‍ ചാമ്പ്യന്മാര്‍

തിരുവനന്തപുരം: ടൂര്‍ണ്ണമെന്റിലുടനീളം കാഴ്ചവച്ച മികച്ച പ്രകടനത്തിനൊടുവില്‍ കെസിഎല്‍ കിരീടത്തില്‍ മുത്തമിട്ട് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്. ഫൈനലില്‍ കൊല്ലം സെയിലേഴ്‌സിനെ 75 റണ്‍സിന് തോല്പിച്ചാണ് കൊച്ചി, കെസിഎല്‍ രണ്ടാം സീസന്റെ ചാമ്പ്യന്മാരായത്.

ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം 16.3 ഓവറില്‍ 106 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ടീമിന് വിജയമൊരുക്കിയ വിനൂപ് മനോഹരനാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ടൂര്‍ണ്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ അഖില്‍ സ്‌കറിയയാണ് പരമ്പരയുടെ താരം.

അതിവേഗത്തിലുള്ള തുടക്കത്തിന് ശേഷം അവിശ്വസനീയമായ ബാറ്റിങ് തകര്‍ച്ച. ഒടുവില്‍ അവസാന ഓവറുകളില്‍ വീണ്ടും തകര്‍ത്തടിച്ച് മികച്ച സ്‌കോറിലേക്ക്. ഫൈനലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ ഇന്നിങ്‌സിനെ അങ്ങനെ വിശേഷിപ്പിക്കാം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചിയുടേത് ടൂര്‍ണ്ണമെന്റില്‍ ഇത് വരെ കണ്ട ഏറ്റവും മികച്ച തുടങ്ങളിലൊന്നായിരുന്നു. വിപുല്‍ ശക്തിയെ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും വിനൂപ് മനോഹരന്റെ അതിമനോഹര ഇന്നിങ്‌സ് കൊച്ചിയ്ക്ക് തകര്‍പ്പന്‍ തുടക്കം നല്കി. മൂന്നാം ഓവറില്‍ മൂന്ന് ഫോറുകള്‍ നേടിയ വിനൂപ്, അടുത്ത ഓവറില്‍ മൂന്ന് ഫോറും ഒരു സിക്‌സും നേടി. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ തന്നെ കൊച്ചിയുടെ സ്‌കോര്‍ അന്‍പതിലെത്തി. 20 പന്തുകളില്‍ വിനൂപ് തന്റെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഷറഫുദ്ദീന്റെ അടുത്ത ഓവറിലെ മൂന്ന് പന്തുകള്‍ വിനൂപ് തുടരെ വീണ്ടും അതിര്‍ത്തി കടത്തി.

എന്നാല്‍ എട്ടാം ഓവറില്‍ എം എസ് അഖിലിനെ പന്തേല്പിച്ച സച്ചിന്‍ ബേബിയുടെ തന്ത്രം ഫലം കണ്ടു. അഖിലിനെ ഉയര്‍ത്തിയടിക്കാനുള്ള വിനൂപ് മനോഹരന്റെ ശ്രമം പക്ഷെ ക്യാച്ചിലൊതുങ്ങി. ബൌണ്ടറി ലൈനിന് അരികെയുള്ള അഭിഷേക് ജെ നായരുടെ ഉജ്ജ്വല ക്യാച്ച് കളിയുടെ ഗതി തന്നെ മാറ്റിയെഴുതി. 30 പന്തുകളില്‍ ഒന്‍പത് ഫോറും നാല് സിക്‌സുമുള്‍പ്പടെ 70 റണ്‍സാണ് വിനൂപ് നേടിയത്.

തുടര്‍ന്ന് കണ്ടത് കൊച്ചി ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന കാഴ്ച. എട്ട് റണ്‍സെടുത്ത സാലി സാംസന്‍ അജയഘോഷിന്റെ പന്തില്‍ സച്ചിന്‍ ബേബി പിടിച്ച് പുറത്തായി. മുഹമ്മദ് ഷാനു പത്ത് റണ്‍സിനും അജീഷ് പൂജ്യത്തിനും പുറത്തായി. സെമിയിലെ രക്ഷകനായ നിഖില്‍ തോട്ടത്ത് പത്ത് റണ്‍സെടുത്ത് മടങ്ങി. മികച്ച ഷോട്ടുകളുമായി തുടക്കമിട്ടെങ്കിലും ജോബിന്‍ ജോബി 12ഉം മൊഹമ്മദ് ആഷിഖ് ഏഴ് റണ്‍സും നേടി പുറത്തായി. എന്നാല്‍ ആല്‍ഫി ഫ്രാന്‍സിസിന്റെ ഉജ്ജ്വല ഇന്നിങ്‌സ് അവസാന ഓവറുകളില്‍ കൊച്ചിയ്ക്ക് തുണയായി. 25 പന്തുകളില്‍ 47 റണ്‍സുമായി ആല്‍ഫി പുറത്താകാതെ നിന്നു. സെമിയില്‍ ടൈം ഔട്ടിലൂടെ പുറത്തായതിന്റെ നിരാശ തീര്‍ക്കുന്ന ഇന്നിങ്‌സ് കൂടിയായിരുന്നു ആല്‍ഫിയുടേത്. കൊല്ലത്തിന് വേണ്ടി പവന്‍ രാജും ഷറഫുദ്ദീനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഭരത് സൂര്യയെ പുറത്താക്കി സാലി സാംസന്‍ കൊച്ചിയ്ക്ക് വഴിത്തിരിവ് സമ്മാനിച്ചു. 13 റണ്‍സെടുത്ത അഭിഷേക് ജെ നായരെ തന്റെ രണ്ടാം ഓവറില്‍ പുറത്താക്കിയ സാലി, ഉജ്ജ്വലമായൊരു ക്യാച്ചിലൂടെ വത്സല്‍ ഗോവിന്ദിന്റെ വിക്കറ്റിനും വഴിയൊരുക്കി. പത്ത് റണ്‍സായിരുന്നു വത്സല്‍ ഗോവിന്ദ് നേടിയത്. തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം ചേരുമ്പോള്‍ കൊല്ലത്തിന് പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. എന്നാല്‍ 17 റണ്‍സെടുത്ത സച്ചിന്‍ ബേബി അജീഷിന്റെ പന്തില്‍ ക്ലീന്‍ ബൌള്‍ഡായതോടെ കളി കൊച്ചിയുടെ വരുതിയിലേക്ക്.

പി എസ് ജെറിന്‍ എറിഞ്ഞ എട്ടാം ഓവര്‍ കൊല്ലത്തിന്റെ അവസാന പ്രതീക്ഷകളും തല്ലിക്കെടുത്തി. പത്ത് റണ്‍സെടുത്ത വിഷ്ണു വിനോദിനെ ക്ലീന്‍ ബൌള്‍ഡാക്കിയ ജെറിന്‍, ഓവറിലെ അവസാന പന്തില്‍ എം എസ് അഖിലിനെ സാലി സാംസന്റെ കൈകളിലെത്തിച്ചു.അഖില്‍ രണ്ട് റണ്‍സായിരുന്നു നേടിയത്. തന്റെ അടുത്ത ഓവറില്‍ അപകടകാരിയായ ഷറഫുദ്ദീനെയും പുറത്താക്കി ജെറിന്‍ കൊച്ചിയ്ക്ക് വിജയമുറപ്പിച്ചു.

23 റണ്‍സുമായി പുറത്താകാതെ നിന്ന വിജയ് വിശ്വനാഥിന്റെ ഇന്നിങ്‌സാണ് കൊല്ലത്തിന്റെ ഇന്നിങ്‌സ് 100 കടത്തിയത്. ഒടുവില്‍ 106 റണ്‍സിന് കൊല്ലത്തിന്റെ ഇന്നിങ്‌സിന് അവസാനമാകുമ്പോള്‍ കൊച്ചിയെ തേടി 75 റണ്‍സിന്റെ വിജയവും കിരീടവുമെത്തി. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടു കൊടുത്ത മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറിന്‍ പിഎസ് ആണ് കൊച്ചി ബൌളിങ് നിരയില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റുകള്‍ നേടിയതിന് പുറമെ മൂന്ന് ഉജ്ജ്വല ക്യാച്ചുകളും കൈപ്പിടിയിലൊതുക്കിയ ക്യാപ്റ്റന്‍ സാലി സാംസന്റെ പ്രകടനവും കൊച്ചിയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. കെ എം ആസിഫ്, മൊഹമ്മദ് ആഷിഖ് എന്നിവരും രണ്ട് വിക്കറ്റ് വീഴ്ത്തി.

പുരസ്‌കാരദാന ചടങ്ങില്‍ ചാമ്പ്യന്മാര്‍ക്കുള്ള കിരീടവും മുപ്പത് ലക്ഷം രൂപയുടെ ചെക്കും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജും സെക്രട്ടറി വിനോദ് എസ് കുമാറും ചേര്‍ന്ന് സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പിനുള്ള 20 ലക്ഷം രൂപയുടെ ചെക്ക് കെസിഎല്‍ ഗവേണിങ് കൌണ്‍സില്‍ ചെയര്‍മാന്‍ നാസിര്‍ മച്ചാന്‍ കൈമാറി. ടൂര്‍ണ്ണമെന്റിലുടനീളം ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങിയ അഖില്‍ സ്‌കറിയയാണ് പരമ്പരയുടെ താരം. അഖിലിനുള്ള പുരസ്‌കാരവും 25000 രൂപയുടെ ചെക്കും ബൈക്കും ഇംപീരിയല്‍ കിച്ചണ്‍ ഉടമ അനസ് താഹ സമ്മാനിച്ചു.

ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ്പ് കെസിഎ ട്രഷറര്‍ അബ്ദുള്‍ റഹ്മാന്‍ അഖിലിന് കൈമാറി. കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ട്രിവാണ്‍ഡ്രം റോയല്‍സ് ക്യാപ്റ്റന്‍ കൃഷ്ണപ്രസാദിന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ സമ്മാനിച്ചു.

റോയല്‍സിന്റെ താരമായ അഭിജിത് പ്രവീണിനാണ് എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. കെസിഎ സെക്രട്ടറി വിനോദ് എസ് കുമാറാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫെയര്‍ പ്ലേ അവാര്‍ഡ് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് കെസിഎ ട്രഷറര്‍ അബ്ദുള്‍ റഹ്മാനും കൂടുതല്‍ ഫോര്‍ നേടിയ താരത്തിനുള്ള പുരസ്‌കാരം തൃശൂര്‍ ടൈറ്റന്‍സിന്റെ അഹ്മദ് ഇമ്രാന് ഫിറ ഫുഡ്‌സ് സിഇഒ ഷൈനും കൈമാറി.

The Blue Army takes the lead in the Kerala Cricket League

Share Email
LATEST
More Articles
Top