കേരളത്തിന്റെ കാളപ്പൂട്ട്, കന്നുപൂട്ട് എന്നിവയ്ക്ക് നിയമസാധുത നൽകും; ജെല്ലിക്കെട്ട് മാതൃകയിൽ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ

കേരളത്തിന്റെ കാളപ്പൂട്ട്, കന്നുപൂട്ട് എന്നിവയ്ക്ക് നിയമസാധുത നൽകും; ജെല്ലിക്കെട്ട് മാതൃകയിൽ നിയമഭേദഗതിക്ക് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരളത്തിന്റെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായ കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ഉത്സവങ്ങൾ സംരക്ഷിക്കുന്നതിനായി തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന് സമാനമായ നിയമഭേദഗതിക്ക് കേരള സർക്കാർ ഒരുങ്ങുന്നു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര നിയമമായ 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിൽ (Prevention of Cruelty to Animals Act, 1960) ഭേദഗതി വരുത്താനുള്ള ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

നേരത്തെ, 1960-ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ഈ കാർഷിക ആഘോഷങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ, ഈ നിരോധനം മറികടക്കാൻ നിയമനിർമാണം നടത്തണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നടപടി. ഈ വിഷയം കൺകറന്റ് ലിസ്റ്റിൽപ്പെട്ടതിനാൽ, ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയ ശേഷം രാഷ്ട്രപതിയുടെ അനുമതിക്കായി സമർപ്പിക്കും. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാൽ നിയമഭേദഗതി പ്രാബല്യത്തിൽ വരും.

ഈ നീക്കം, കാർഷിക ഉത്സവങ്ങളുമായി ബന്ധപ്പെട്ട നിലവിലുള്ള നിരോധനം നീക്കണമെന്ന കർഷകരുടെ ദീർഘകാലമായുള്ള ആവശ്യത്തിന് ഒരു പരിഹാരമുണ്ടാകാനുള്ള സാധ്യത തുറക്കുന്നുവെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് വ്യക്തമാക്കി.

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാനും അനുമതി

കാടിറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ഒരു ബില്ലിനും ഇന്നലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗം അംഗീകാരം നൽകിയിരുന്നു. ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തിൽ വെടിവെച്ചുകൊല്ലാൻ വരെ അനുമതി നൽകുന്ന തരത്തിലാണ് ഈ ബില്ല് തയ്യാറാക്കിയിരിക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡന് അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ ഉത്തരവിടാൻ ഇതിലൂടെ സാധിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഈ രണ്ട് ബില്ലുകളും അവതരിപ്പിക്കും.

The Kerala government has approved a Jallikattu-style amendment to the Prevention of Cruelty to Animals Act to legalize traditional agricultural festivals.

Share Email
Top