പത്തനംതിട്ടയിലെ ഗുരുതരമായ പോക്സോ കേസ് അട്ടിമറിച്ചതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര വകുപ്പ് കർശന നടപടിക്ക് ശുപാർശ ചെയ്തു. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനും ആറന്മുള സി.ഐ പ്രവീണിനും എതിരെ നടപടി നിർദേശിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. പൊലീസിൻ്റെ പ്രവൃത്തി വകുപ്പിന്റെ അന്തസ്സിന് കളങ്കം വരുത്തിയതായി റിപ്പോർട്ട്. കേസിൽ പ്രത്യേക അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് നിർദേശം നൽകി.
16 വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ, പ്രതിയായ അഭിഭാഷകന് പത്തനംതിട്ടയിലെ പൊലീസ് സമഗ്രമായ സഹായം നൽകിയതായി കണ്ടെത്തി. കോന്നി പൊലീസ് മൂന്ന് മാസത്തിലധികം കേസെടുക്കാതെ പ്രതിയെ സംരക്ഷിച്ചു. പിന്നീട് പേര് മാത്രമായി ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് ആറന്മുള പൊലീസിന് കൈമാറി. എന്നാൽ, ആറന്മുള പൊലീസും പ്രതിക്ക് അനുകൂലമായി പ്രവർത്തിച്ചു. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ ശ്രമിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിൽ കോന്നി ഡിവൈഎസ്പി ടി. രാജപ്പനെയും എസ്എച്ച്ഒ ശ്രീജിത്തിനെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
നൗഷാദ് തോട്ടത്തിലിന്റെ പ്രവൃത്തി അഭിഭാഷക വൃത്തിക്ക് തന്നെ കളങ്കമാണെന്ന് ഹൈക്കോടതി രൂക്ഷമായി വിമർശിച്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളി. എന്നിട്ടും, ആറന്മുള പൊലീസിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പ്രതി സുപ്രീം കോടതി വരെ പോയി ജാമ്യം നേടി. പത്തനംതിട്ട സിഡബ്ല്യുസി ചെയർമാനെയും ഈ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിരുന്നു. ഈ സംഭവങ്ങൾ പൊലീസ് സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി വിലയിരുത്തപ്പെടുന്നു.












