ഇന്തോ-പസഫിക് മേഖലയിലെ വർധിച്ചുവരുന്ന ചൈനീസ് സ്വാധീനത്തെ യു.എസ് ഒറ്റക്ക് നേരിടാൻ കഴിയില്ലെന്ന് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ ഉപദേഷ്ടാവായിരുന്ന മേരി കിസ്സൽ വ്യക്തമാക്കി. ഇന്ത്യയുടെ പിന്തുണയില്ലാതെ ചൈനീസ് ഭീഷണികളെ ചെറുക്കാൻ കഴിയില്ലെന്നും ശക്തമായ ഇന്ത്യ–യു.എസ് പങ്കാളിത്തം അനിവാര്യമാണെന്നും അവർ ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യു.എസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും റഷ്യൻ ഉൽപ്പന്നങ്ങൾ വാങ്ങിയതിന് 25 ശതമാനം അധിക തീരുവയും ചുമത്തിയതിന് പിന്നാലെയാണ് മേരി കിസ്സലിന്റെ ഈ പരാമർശം. “ചൈനയെ വലിയ ഭീഷണിയായി യു.എസ് കാണുന്നുവെങ്കിൽ, നമുക്ക് ഇന്ത്യയെ ആവശ്യമാണ്. ഏഷ്യ–പസഫിക്കിൽ ചൈനയ്‌ക്കെതിരെ ഒറ്റക്ക് പോരാടാൻ കഴിയില്ല. ഓസ്‌ട്രേലിയ, ജപ്പാൻ മാത്രമല്ല, ഇന്ത്യയുമായും നല്ല ബന്ധം വേണം,” -മേരി കിസ്സൽ വ്യക്തമാക്കി.
ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ തന്ത്രങ്ങൾക്കിടയിലും ഇന്ത്യ റഷ്യയുമായുള്ള ബന്ധം തുടർന്നുകൊണ്ടിരിക്കുകയാണ്. ചൈനയിൽ നടന്ന എസ്.സി.ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും കൂടിക്കാഴ്ച നടത്തി. റഷ്യൻ മിസൈൽ പ്രതിരോധ സംവിധാനമായ എസ്–400ന്റെ കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ ഇന്ത്യ മുന്നോട്ടുപോകുന്നതായാണ് റിപ്പോർട്ടുകൾ.
ഈ മാസം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ റഷ്യ സന്ദർശിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ചർച്ച നടത്തി. വർഷാവസാനത്തിൽ പുടിൻ ഇന്ത്യ സന്ദർശിക്കുമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, മിലിറ്ററി ടെക്നിക്കൽ കോ–ഓപറേഷൻ തലവൻ ദിമിത്രി സുഗായേവ് ഇന്ത്യ കൂടുതൽ യൂണിറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
2018-ലാണ് ഇന്ത്യ റഷ്യയിൽ നിന്ന് അഞ്ച് യൂണിറ്റ് എസ്–400 മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാൻ 5.5 ബില്യൺ ഡോളർ വിലയുള്ള കരാറിൽ ഒപ്പുവച്ചത്. ഇതിൽ മൂന്ന് യൂണിറ്റുകൾ ഇതിനകം ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് യൂണിറ്റുകളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ കൈമാറുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
The U.S. cannot counter Chinese threats without India’s support, says former adviser Mary Kissel













