ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനകൾ ശക്തം; ഖത്തറിന് ഇന്ത്യയുടെ പിന്തുണ

ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനകൾ ശക്തം; ഖത്തറിന് ഇന്ത്യയുടെ പിന്തുണ

ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തുമെന്ന സൂചനകൾ ശക്തമായി. ദോഹയിലെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട ഹമാസ് നേതാക്കളെ പിടികൂടുമെന്ന് യു.എസിലെ ഇസ്രയേൽ അംബാസഡർ യെഹിയേൽ ലെയ്റ്റർ വെളിപ്പെടുത്തി. “ഇത്തവണ അവരെ കിട്ടിയില്ലെങ്കിൽ, അടുത്ത തവണ ഞങ്ങൾ പിടികൂടും,” അദ്ദേഹം ഒരു അമേരിക്കൻ ചാനൽ പരിപാടിയിൽ പറഞ്ഞു.

അതിനിടെ, ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഖത്തറിൻ്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയെ അറിയിച്ചു. “ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ചു. ദോഹയിലെ ആക്രമണങ്ങളിൽ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. സഹോദരരാജ്യമായ ഖത്തറിൻ്റെ പരമാധികാര ലംഘനത്തെ ഇന്ത്യ അപലപിക്കുന്നു. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങൾ പരിഹരിച്ച് സംഘർഷം ഒഴിവാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇത് ആവശ്യമാണ്. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്ക്കും എതിരെ ഇന്ത്യ ഉറച്ചുനിൽക്കുന്നു,” നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.

ഇസ്രയേലിൻ്റെ നിലപാട്

ജറുസലേമിന് സമീപം ആറു പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൻ്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ ദോഹയിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടന്നത്. ഹമാസിൻ്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണമെന്നാണ് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (IDF) സ്ഥിരീകരിച്ചത്. ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും, ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ സുരക്ഷിതരാണെന്ന് ഹമാസ് അറിയിച്ചു.

അമേരിക്കൻ നിലപാട്

ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി വിവരം നൽകിയിരുന്നുവെന്ന വൈറ്റ് ഹൗസ് വാദം ഖത്തർ പ്രധാനമന്ത്രി തള്ളി. ആക്രമണത്തിനുള്ള തീരുമാനം ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റേതാണെന്നും തന്റേതല്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി. ഹമാസ് ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ദോഹ ആക്രമണത്തിന് പിന്നാലെ ഖത്തർ അമീറുമായും ഇസ്രയേൽ പ്രധാനമന്ത്രിയുമായും ട്രംപ് ഫോണിൽ സംസാരിച്ചു. ഈ വിഷയത്തിൽ ഇസ്രയേൽ സ്വീകരിക്കുന്ന കടുത്ത നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

യുഎഇയുടെയും മറ്റ് രാജ്യങ്ങളുടെയും പിന്തുണ

അതിനിടെ, ഖത്തറിന് പിന്തുണയറിയിച്ച് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി. ആക്രമണം നടന്ന് 24 മണിക്കൂറിനകം അദ്ദേഹം ഖത്തറിലെത്തിയത് മേഖലയിലെ ശ്രദ്ധേയമായ നീക്കമായി വിലയിരുത്തപ്പെടുന്നു. ഖത്തറിൻ്റെ പരമാധികാരം, സുരക്ഷ, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ആക്രമണം ഖത്തറിൻ്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിന് പുറമെ, ജോർദാൻ കിരീടാവകാശി ഹുസൈൻ വ്യാഴാഴ്ച ഖത്തറിലെത്തുമെന്നും സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ദോഹയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഇവരുടെ സന്ദർശനങ്ങൾ മുൻകൂട്ടി നിശ്ചയിച്ചതല്ലാത്തതും അടിയന്തര സ്വഭാവമുള്ളതുമാണെന്നാണ് വിവരം.

There are strong indications that Israel will launch another attack targeting Hamas leaders; India’s support for Qatar

Share Email
LATEST
More Articles
Top