ന്യൂയോർക്ക് : അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകനായ ചാൾസ് കിർക്കിന്റെ മരണം ആഘോഷിച്ച വിദേശികളെ നാടുകടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇത്തരത്തിലുള്ള വിദേശികളുടെ വിസ റദ്ദാക്കാൻ നടപടി തുടങ്ങിയതായി അദ്ദേഹം ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. “ഞങ്ങളുടെ പൗരന്മാർ കൊല്ലപ്പെടുമ്പോൾ അത് ആഘോഷിക്കുന്ന വിദേശികളെ അമേരിക്ക വച്ചുപൊറുപ്പിക്കില്ല,” റൂബിയോ വ്യക്തമാക്കി.
അതേസമയം, ഈ സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 30-ൽ അധികം ആളുകൾക്ക് ജോലി നഷ്ടപ്പെടുകയോ അന്വേഷണം നേരിടുകയോ ചെയ്തിട്ടുണ്ട്.
ചാൾസ് കിർക്കിന്റെ മരണത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ അനുചിതമായ പോസ്റ്റുകൾ പങ്കുവെച്ചെന്ന് ആരോപിച്ച് ഡെൽറ്റ എയർലൈൻസ്, അമേരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് എന്നീ പ്രമുഖ വിമാനക്കമ്പനികൾ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ച യൂട്ടാ വാലി സർവകലാശാലയിൽ നടന്ന ഒരു പരിപാടിക്കിടെയുണ്ടായ വെടിവെപ്പിലാണ് ചാൾസ് കിർക്ക് കൊല്ലപ്പെട്ടത്.
സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ കമ്പനിയുടെ മൂല്യങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമാണെന്ന് ഡെൽറ്റ എയർലൈൻസ് സിഇഒ എഡ് ബാസ്റ്റ്യൻ അറിയിച്ചു. അക്രമം പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകൾ പങ്കുവെച്ച ജീവനക്കാരെ ഉടൻ പിരിച്ചുവിട്ടതായി അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രേരിതമായ അക്രമങ്ങളോട് യാതൊരു സഹിഷ്ണുതയുമില്ലെന്ന് യുണൈറ്റഡ് എയർലൈൻസും അറിയിച്ചു.
Those who celebrated Charles Kirk’s death will be deported; More than 30 people have lost their jobs in connection with the incident