ദൈവ ശബ്ദം കേൾക്കുന്നവർ ആത്മീയ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നു: റവ. എബ്രഹാം വി. സാംസൺ

ദൈവ ശബ്ദം കേൾക്കുന്നവർ ആത്മീയ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നു: റവ. എബ്രഹാം വി. സാംസൺ

പി പി ചെറിയാൻ

ഡാളസ്: ദൈവത്തിൻ്റെ ശബ്ദം കേൾക്കുന്നവർ മാത്രമാണ് ആത്മീയതയുടെ പൂർണ്ണതയിലേക്ക് പ്രവേശിക്കുന്നതെന്ന് റവ. എബ്രഹാം വി. സാംസൺ (വികാരി, ഫാർമേഴ്‌സ് ബ്രാഞ്ച് എംടിസി) ഉദ്‌ബോധിപ്പിച്ചു. അർത്ഥവത്തായ ആരാധനയ്ക്ക് ദൈവത്തിൻ്റെ ശബ്ദം കേൾക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘവാരത്തോടനുബന്ധിച്ച് സൗത്ത് വെസ്റ്റ് ഭദ്രാസന സെന്റർ ‘എ’ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന സംഘവാര കൺവെൻഷൻ്റെ പ്രാരംഭ യോഗത്തിലാണ് അച്ചൻ വചന ശുശ്രൂഷ നിർവഹിച്ചത്. സെപ്റ്റംബർ 29-ന് വൈകീട്ട് ഡാളസ് സെൻ്റ് പോൾസ് മാർത്തോമാ ദേവാലയത്തിൽ നടന്ന യോഗത്തിൽ, മീഖാ പ്രവാചകൻ്റെ പുസ്തകത്തിലെ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം സംസാരിച്ചത്.

ഡാളസ് സെൻ്റ് പോൾസ് മാർത്തോമാ പള്ളി പ്രസിഡൻ്റ് റവ. റെജിൻ രാജു അച്ചൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഗായക സംഘത്തിൻ്റെ ഗാനാലാപത്തോടെയാണ് യോഗം ആരംഭിച്ചത്. ഡാളസ് സെൻ്റ് പോൾസ് ഇടവക പാരിഷ് മിഷൻ സെക്രട്ടറി അലക്സാണ്ടർ ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ഗ്രേസി അലക്സാണ്ടർ, കെ.എസ്. മാത്യു, ലീന പണിക്കർ എന്നിവർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. തുടർന്ന്, നിശ്ചയിക്കപ്പെട്ട പാഠഭാഗം ഗ്രേസി മാത്യു വായിച്ചു.

രാജൻ കുഞ്ഞുചിറയിലിൻ്റെ പ്രാർത്ഥനക്കും റവ. എബ്രഹാം വി. സാംസൺ അച്ചൻ്റെ ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു. പങ്കെടുത്ത എല്ലാവർക്കുമായി ഡിന്നറും ഒരുക്കിയിരുന്നു. റവ. റെജിൻ രാജു, റവ. റോബിൻ വർഗീസ് എന്നിവരും ഡാളസ്സിലെ വിവിധ ഇടവകകളിൽ നിന്നുള്ള നിരവധി പേരും യോഗത്തിൽ പങ്കെടുത്തു.

Those who hear the voice of God enter into spiritual perfection: Rev. Abraham V. Samson

Share Email
LATEST
Top