വാഷിംഗ്ടൺ: നോർത്ത് കരോലിനയിലെ ട്രെയിനിൽ വെച്ച് ഒരു യുക്രേനിയൻ യുവതി കുത്തേറ്റ് മരിച്ച സംഭവം ആയുധമാക്കി ഡെമോക്രാറ്റിക് പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കെതിരെ
രൂക്ഷ വിമർശനം ഉന്നയിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡെമോക്രാറ്റിക് നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള തന്റെ നയങ്ങളെ ന്യായീകരിക്കാൻ ട്രംപും അദ്ദേഹത്തിൻ്റെ അനുയായികളും ഈ ദാരുണമായ കൊലപാതകത്തെ ഉപയോഗിച്ചു. ഓഗസ്റ്റ് 22-ന് നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേശീയ ശ്രദ്ധ നേടിയത്.
ഷാർലറ്റ് ഏരിയയിലെ ലൈറ്റ് റെയിൽ ട്രെയിനിൽ വെച്ച് 23-കാരിയായ ഐറിന സറൂട്സ്കയെ യാതൊരു പ്രകോപനവുമില്ലാതെ ഒരാൾ പോക്കറ്റ് കത്തി ഉപയോഗിച്ച് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഷിംഗ്ടൺ ഡിസിയിലെ മ്യൂസിയം ഓഫ് ദി ബൈബിളിൽ നടന്ന ഒരു പ്രസംഗത്തിൽ, ചിക്കാഗോ, മറ്റ് ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന നഗരങ്ങൾ എന്നിവിടങ്ങളിൽ ഫെഡറൽ ഏജൻ്റുമാരെയും നാഷണൽ ഗാർഡ് സൈനികരെയും വിന്യസിക്കുമെന്ന ഭീഷണിയുമായി അദ്ദേഹം ഈ കൊലപാതകത്തെ ബന്ധിപ്പിച്ചു.
”ഭയാനകമായ കൊലപാതകങ്ങൾ നടക്കുമ്പോൾ, ഭയാനകമായ നടപടികൾ സ്വീകരിക്കണം,” ട്രംപ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രംപ് തൻ്റെ പ്രസംഗങ്ങളിലും സോഷ്യൽ മീഡിയയിലും ലക്ഷ്യമിടുന്ന ചിക്കാഗോയെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
അതേസമയം, ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസണും ഇല്ലിനോയിസ് ഗവർണർ ജെബി പ്രിറ്റ്സ്കറും ട്രംപിൻ്റെ ആരോപണങ്ങൾ തള്ളി. ചിക്കാഗോ കുറ്റകൃത്യങ്ങൾ നിറഞ്ഞതാണെന്ന ട്രംപിൻ്റെ വിശേഷണം ശരിയല്ലെന്നും, നഗരത്തിൽ സൈനികരെ വിന്യസിക്കരുതെന്നും ഇരുവരും ആവശ്യപ്പെട്ടു. ട്രംപിന്റെ ഈ പുതിയ നീക്കം നഗരങ്ങളും ഫെഡറൽ സർക്കാരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.