യുറോപ്യൻ രാജ്യങ്ങൾ അത് ചെയ്തേ മതിയാക്കൂ, റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ട്രംപ്

യുറോപ്യൻ രാജ്യങ്ങൾ അത് ചെയ്തേ മതിയാക്കൂ, റഷ്യ – യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ട്രംപ്

ലണ്ടൻ: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിക്കൊണ്ട് ഉടനടി യുദ്ധം അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങളോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു. എണ്ണവില കുറഞ്ഞാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുക്രൈനിൽ നിന്ന് പിന്മാറാൻ നിർബന്ധിതനാകുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

“വളരെ ലളിതമായി പറഞ്ഞാൽ, എണ്ണവില കുറഞ്ഞാൽ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ യുദ്ധത്തിൽ നിന്ന് പിന്മാറും. അദ്ദേഹത്തിന് മറ്റ് വഴികളില്ല. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം നിർബന്ധിതനാകും,” ട്രംപ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തനിക്ക് നല്ല ബന്ധമുണ്ടായിട്ടും, റഷ്യൻ എണ്ണ വാങ്ങുന്നത് കാരണം ഇന്ത്യക്ക് ഉയർന്ന നികുതി ചുമത്തിയതിനെക്കുറിച്ചും ട്രംപ് സംസാരിച്ചു. യൂറോപ്യൻ യൂണിയൻ റഷ്യൻ എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും, പല രാജ്യങ്ങളും റഷ്യൻ ഫോസിൽ ഇന്ധനങ്ങളും ദ്രവീകൃത പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നത് തുടരുന്നുണ്ടെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തിരുന്നു.

റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യാത്ത ബ്രിട്ടനെ ട്രംപ് പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ മാസം പുടിനെ അലാസ്കയിലേക്ക് ക്ഷണിച്ചതിൽ ഖേദമുണ്ടോയെന്ന ചോദ്യത്തിന് “ഇല്ല” എന്ന് മാത്രമായിരുന്നു ട്രംപിന്റെ മറുപടി. ഈ കൂടിക്കാഴ്ച യുദ്ധത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെന്നും, എന്നാൽ റഷ്യക്ക് യുദ്ധമുഖത്ത് കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ സമയം നൽകിയെന്നും വിമർശകർ അഭിപ്രായപ്പെട്ടു.

Share Email
LATEST
More Articles
Top