ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ദുഃഖവും രോഷവും രേഖപ്പെടുത്തി ട്രംപ്

ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ദുഃഖവും രോഷവും രേഖപ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ ദുഃഖവും രോഷവും രേഖപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂട്ടാ കാമ്പസില്‍ ചാര്‍ളി കിര്‍ക്കിനെ വധിച്ച സംഭവം അമേരിക്കയ്ക്ക് ഇരുണ്ടനിമിഷമാണെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഏറെ സ്‌നേഹിച്ച രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ദേശസ്‌നേഹിയെന്നാണ് ചാര്‍ളി കിര്‍ക്കിനെ ട്രംപ് വിശേഷിപ്പിച്ചത്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നീതിയ്ക്കും വേണ്ടി സംസാരിച്ച കിര്‍ക്ക് അമേരിക്കയിലെ ദശലക്ഷക്കണക്കിന് യുവാക്കള്‍ക്ക് പ്രചോദനമായി. വര്‍ഷങ്ങളായി തീവ്ര ഇടതുപക്ഷക്കാര്‍ ചാര്‍ളിയെപ്പോലെയുള്ള അമേരിക്കക്കാരെ നാസികളോടും ലോകത്ത് കൂട്ടക്കൊല നടത്തിയവരോടും താരതമ്യപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രഭാഷണങ്ങളാണ് ഇന്ന് രാജ്യത്ത് കാണുന്ന തീവ്രവാദത്തിന്റെ ഉത്തരവാദി. ഇത് ഇപ്പോള്‍ അവസാനിപ്പിക്കണം. ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ തന്റെ ഭരണകൂടം കണ്ടെത്തും. അവര്‍ക്ക് ധനസഹായം നല്‍കുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും പിടികൂടുമെന്നും ട്രംപ് പറഞ്ഞു.

ചാര്‍ളി അമേരിക്കയിലെ ഏറ്റവും മികച്ചവനായിരുന്നു. അവനെ ആക്രമിച്ച രാക്ഷസന്‍ നമ്മുടെ രാജ്യത്തെയാണ് ആക്രമിച്ചത്. ഒരു വെടിയുണ്ട കൊണ്ട് അവനെ നിശബ്ദനാക്കാനാണ് കൊലയാളി ശ്രമിച്ചത്. പക്ഷേ, അയാള്‍ പരാജയപ്പെട്ടു. ചാര്‍ളിയുടെ ശബ്ദവും അദ്ദേഹത്തിന്റെ സന്ദേശങ്ങളും വരും തലമുറകളിലേക്ക് നമ്മള്‍ കൈമാറുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചാര്‍ളി കിര്‍ക്കിനോടുള്ള ആദരസൂചകമായി യുഎസ് പതാക പകുതി താഴ്ത്തിക്കെട്ടാനും പ്രസിഡന്റ് ഉത്തരവിട്ടു. ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ മെലാനിയ ട്രംപും നടുക്കം രേഖപ്പെടുത്തി.

ട്രംപിന്റെ കടുത്ത അനുയായിയും അദ്ദേഹത്തിന്റെ വിശ്വസ്തനുമായ ചാര്‍ളി കിര്‍ക്ക് യുഎസിലെ യൂട്ടാ വാലി കാമ്പസില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇല്ലിനോയ് സ്വദേശിയായ കിര്‍ക്ക് തന്റെ 18-ാം വയസ്സില്‍ യഥാസ്ഥിതിക വിദ്യാര്‍ഥി സംഘടനയായ ‘ടേണിങ് പോയിന്റ് യുഎസ്എ’യുടെ സഹസ്ഥാപകനായി. പിന്നീട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെ ട്രംപിന്റെ വിശ്വസ്തനായി അദ്ദേഹം വളര്‍ന്നു. വിദേശപര്യടനം കഴിഞ്ഞ് യുഎസില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പ്രസംഗവേദിയില്‍വെച്ച് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്.

Trump expresses sadness and anger over Charlie Kirk’s murder

Share Email
LATEST
More Articles
Top