വാഷിങ്ടൻ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിനോട് പ്രതികരിക്കാൻ ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെ സമയം അനുവദിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എല്ലാ അറബ്, മുസ്‌ലിം രാജ്യങ്ങളും ഇസ്രയേലും കരാറിൽ ഒപ്പുവച്ചതായും, ഇനി ഹമാസിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. “ഹമാസ് കരാർ അംഗീകരിച്ചില്ലെങ്കിൽ, അത് വളരെ ദുഃഖകരമായ അന്ത്യത്തിലേക്ക് നയിക്കും,” എന്ന് അദ്ദേഹം കർശനമായി മുന്നറിയിപ്പ് നൽകി.
ഹമാസിന്റെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങൾ പലസ്തീനിലും വിദേശത്തും തീവ്രമായ കൂടിയാലോചനകൾ നടത്തിവരികയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകളുടെ സങ്കീർണ്ണത കാരണം, തീരുമാനമെടുക്കാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്ന് പലസ്തീൻ വൃത്തങ്ങൾ സൂചിപ്പിച്ചതായി എഎഫ്പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സമാധാന പദ്ധതി അംഗീകരിച്ചതിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ട്രംപ് നന്ദി പ്രകാശിപ്പിച്ചു.
അടിയന്തര വെടിനിർത്തൽ, ഹമാസിന്റെ നിരായുധീകരണം, ഇസ്രയേലിന്റെ പിൻവാങ്ങൽ എന്നിവയാണ് സമാധാന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. യുദ്ധം ഉടൻ അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഇസ്രയേലിന്റെ സുരക്ഷയും പലസ്തീന്റെ വിജയവും ഉറപ്പാക്കുക എന്നിവയ്ക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. ഈ കരാർ ഹമാസ് അംഗീകരിക്കുന്നതിന്റെ അനന്തരഫലങ്ങൾ മേഖലയുടെ ഭാവിയെ നിർണായകമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.












