വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അടുത്ത വിശ്വസ്തരും ഉന്നത ഉദ്യോഗസ്ഥരുമായ രണ്ട് പേർ തമ്മിൽ പൊതുവേദിയിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ട്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റും ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസി ഡയറക്ടർ ബിൽ പുൾട്ടേയും തമ്മിലാണ് തർക്കമുണ്ടായത്. വാക്കേറ്റത്തിനിടെ ബിൽ പുൾട്ടേയുടെ “മുഖത്തടിക്കുമെന്ന്” സ്കോട്ട് ബെസന്റ് ഭീഷണിപ്പെടുത്തിയതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ അടുത്ത വൃത്തങ്ങൾ സ്ഥാപിച്ച സ്വകാര്യ ക്ലബ്ബായ എക്സിക്യൂട്ടീവ് ക്ലബ്ബിൽ വെച്ച് നടന്ന അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. തനിക്കെതിരെ മോശമായി പ്രസിഡൻ്റിനോട് സംസാരിച്ചെന്ന് ആരോപിച്ചാണ് ബെസൻ്റ് പുൾട്ടേയുടെ നേർക്ക് തിരിഞ്ഞത്. “നീ എന്തിനാണ് എന്നെക്കുറിച്ച് പ്രസിഡൻ്റിനോട് സംസാരിക്കുന്നത്?” എന്ന് ബെസന്റ് ആക്രോശിച്ചു. “ഞാൻ നിൻ്റെ മുഖത്തടിക്കും,” എന്നും ഭീഷണിപ്പെടുത്തി.
സ്വകാര്യ സംഭാഷണങ്ങളിൽ പുൾട്ടെ തന്നെ നിരന്തരം താഴ്ത്തിക്കെട്ടാൻ ശ്രമിച്ചതായി ബെസൻ്റ് വിശ്വസിച്ചിരുന്നു. ഇത് ആഴ്ചകളായി ബെസൻ്റിനെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അത്താഴവിരുന്നിനിടെ തർക്കം പെട്ടെന്ന് വഷളായി. “അവൻ ഇവിടെനിന്ന് പുറത്തുപോകണം, അല്ലെങ്കിൽ ഞാൻ പോകാം. അല്ലെങ്കിൽ നമുക്ക് പുറത്തുപോകാം,” എന്ന് ബെസൻ്റ് ആവശ്യപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
”എന്തിന്? സംസാരിക്കാനോ?” എന്ന് പുൾട്ടെ ചോദിച്ചപ്പോൾ, “അല്ല, ഞാൻ നിന്നെ ശരിക്കും കൈകാര്യം ചെയ്യാൻ പോകുന്നു,” എന്ന് ബെസന്റ് മറുപടി നൽകി. ഇരുവരുടെയും തർക്കം രൂക്ഷമായതോടെ ക്ലബ്ബിന്റെ സഹ ഉടമസ്ഥൻ ഒമീദ് മാലിക് ഇടപെട്ടു. അടിപിടിയൊന്നും ഉണ്ടായില്ലെങ്കിലും, സംഭവം അവിടെയുണ്ടായിരുന്നവരെ അമ്പരപ്പിച്ചു.