ന്യൂയോർക്ക്: അമേരിക്കൻ സാമ്പത്തിക രംഗത്ത് സമൂലമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിട്ട്, പൊതു കമ്പനികൾ ഓരോ മൂന്നുമാസത്തിലും സാമ്പത്തിക റിപ്പോർട്ടുകൾ നൽകുന്ന രീതി അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ നീക്കം, നിക്ഷേപകരെ മാത്രം തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്ന കമ്പനികളുടെ ഹ്രസ്വകാല കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുമെന്നാണ് ട്രംപ് പറയുന്നത്.
ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിലാണ് ട്രംപ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. കമ്പനികളെ “പാദവാർഷിക അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യാൻ നിർബന്ധിക്കരുത്” എന്നും പകരം ആറുമാസത്തിലൊരിക്കൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നും ട്രംപ് പറഞ്ഞു.
”ഇത് പണം ലാഭിക്കുകയും, മാനേജർമാർക്ക് അവരുടെ കമ്പനികൾ ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകുകയും ചെയ്യും,” ട്രംപ് പറഞ്ഞു. “നിങ്ങൾ ‘ചൈന കമ്പനികളുടെ മാനേജ്മെൻ്റിനെ 50 മുതൽ 100 വർഷം വരെയുള്ള കാഴ്ചപ്പാടിൽ കാണുന്നു, എന്നാൽ നമ്മൾ നമ്മുടെ കമ്പനികളെ പാദവാർഷിക അടിസ്ഥാനത്തിൽ നടത്തുന്നു’ എന്ന പ്രസ്താവന കേട്ടിട്ടുണ്ടോ? അത് നല്ലതല്ല!!!” ട്രംപ് കൂട്ടിച്ചേർത്തു.
നിക്ഷേപകൻ വാറൻ ബഫറ്റ്, ജെ.പി. മോർഗൻ ചേസ് സി.ഇ.ഒ. ജെയ്മി ഡിമോൺ എന്നിവരടക്കം നിരവധി പ്രമുഖരും മുൻപ് ഹ്രസ്വകാല ചിന്താഗതിയെ വിമർശിച്ചിരുന്നു. ട്രംപിൻ്റെ ഈ പുതിയ നീക്കം അമേരിക്കൻ സാമ്പത്തിക രംഗത്ത് വലിയ ചർച്ചകൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.