മെംഫിസ് നഗരത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ട്രംപ്; ആവശ്യമെങ്കിൽ ദേശീയ ഗാർഡിനെയും മറ്റ് ഫെഡറൽ സേനകളെയും വിന്യസിക്കും

മെംഫിസ് നഗരത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് ട്രംപ്; ആവശ്യമെങ്കിൽ ദേശീയ ഗാർഡിനെയും മറ്റ് ഫെഡറൽ സേനകളെയും വിന്യസിക്കും

വാഷിംഗ്ടൺ: രാജ്യത്തെ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള തന്റെ ശ്രമങ്ങൾക്ക് ഊർജം പകർന്ന്, മെംഫിസ് നഗരത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫോക്സ് ആൻഡ് ഫ്രണ്ട്സ് ചാനലിൽ നടത്തിയ അഭിമുഖത്തിൽ “ഞാനിതാദ്യമായി പറയുന്നു, നമ്മൾ മെംഫിസിലേക്ക് പോവുകയാണ്” എന്ന് അദ്ദേഹം വെളിപ്പെടുത്തി. മെംഫിസ് “വളരെ പ്രശ്‌നത്തിലാ”ണെന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ നീക്കത്തിൽ മേയറും ടെന്നസി ഗവർണറും സഹകരിക്കുമെന്നാണ് സൂചിപ്പിച്ചത്. ആവശ്യമെങ്കിൽ ദേശീയ ഗാർഡിനെയും മറ്റ് ഫെഡറൽ സേനകളെയും നഗരത്തിൽ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, മെംഫിസ് മേയറായ പോൾ യംഗ് ഉടൻ തന്നെ പത്രസമ്മേളനം നടത്തി. നഗരത്തിലേക്ക് ഫെഡറൽ സേനയെ കൊണ്ടുവരുന്നത് സംബന്ധിച്ച് ട്രംപും ഗവർണറും ചർച്ചകൾ നടത്തുന്നതായി രാവിലെയാണ് താൻ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, താനോ നഗരഭരണകൂടമോ അങ്ങനെയൊരു സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഇത് ശരിയായ മാർഗ്ഗമാണെന്ന് ഞാൻ കരുതുന്നില്ല. എങ്കിലും, ആ തീരുമാനം ഇതിനകം എടുക്കപ്പെട്ടുകഴിഞ്ഞു,” മേയർ കൂട്ടിച്ചേർത്തു. നേരത്തെ, ഷിക്കാഗോയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി ഫെഡറൽ സേനയെ അയക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.

Share Email
Top