കാര്യങ്ങളെല്ലാം മന്ദഗതിയിൽ, സെലെൻസ്കിയുമായി ഉടൻ സംസാരിക്കുമെന്ന് ട്രംപ്; കൂടെ പുടിന് മുന്നറിയിപ്പും നൽകി

കാര്യങ്ങളെല്ലാം മന്ദഗതിയിൽ, സെലെൻസ്കിയുമായി ഉടൻ സംസാരിക്കുമെന്ന് ട്രംപ്; കൂടെ പുടിന് മുന്നറിയിപ്പും നൽകി

വാഷിംഗ്ടൺ: റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മന്ദഗതിയിലായതോടെ ഉക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയുമായി ഉടൻ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.
“അദ്ദേഹവുമായി ഞാൻ വളരെ വേഗം സംസാരിക്കും, അപ്പോൾ നമ്മൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് ഏകദേശം അറിയാൻ കഴിയും. അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഞാൻ അദ്ദേഹവുമായി സംസാരിക്കും,” പോളിഷ് പ്രസിഡന്റ് കരോൾ നവ്റോക്കിയുമായി ഓവൽ ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ട്രംപും സെലെൻസ്കിയും തമ്മിലുള്ള ഫോൺ കോൾ വ്യാഴാഴ്ച നടക്കുമെന്ന് വൈറ്റ് ഹൗസ് പിന്നീട് വ്യക്തമാക്കി. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി നിലവിൽ ഒരു കോൾ തീരുമാനിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.

പുടിനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു: “എനിക്ക് പ്രസിഡന്റ് പുടിനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എൻ്റെ നിലപാട് അദ്ദേഹത്തിന് അറിയാം, അദ്ദേഹം ഒരു തീരുമാനമെടുക്കും. അദ്ദേഹത്തിന്റെ തീരുമാനം എന്തുതന്നെയായാലും, ഞങ്ങൾ അതിൽ സന്തോഷിക്കുകയോ അല്ലെങ്കിൽ അസന്തുഷ്ടരാകുകയോ ചെയ്യും. ഞങ്ങൾ അസന്തുഷ്ടരാണെങ്കിൽ, ചില കാര്യങ്ങൾ സംഭവിക്കുന്നത് നിങ്ങൾക്ക് കാണാം” – ട്രംപ് വ്യക്തമാക്കി.

Share Email
Top