വാഷിംഗ്ടൺ: സുപ്രീം കോടതിയിൽ താരിഫ് കേസ് തോറ്റാൽ യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കിയ വ്യാപാര കരാറുകൾ റദ്ദാക്കേണ്ടി വരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞു. കേസ് തോറ്റാൽ യുഎസിന് വളരെയധികം ദുരിതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞയാഴ്ച താരിഫ് ചുമത്താനുള്ള ട്രംപിന്റെ അധികാരം നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീൽ കോടതി വിധിച്ചിരുന്നു. ഈ വിധി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ ട്രംപ് പറഞ്ഞു. എന്നിരുന്നാലും, കേസിൽ തന്റെ ഭരണകൂടം വിജയിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
“യൂറോപ്യൻ യൂണിയനുമായി ഞങ്ങൾ ഒരു കരാർ ഉണ്ടാക്കി, അതിലൂടെ അവർ നമുക്ക് ഏകദേശം ഒരു ട്രില്യൺ ഡോളർ നൽകുന്നുണ്ട്. നിങ്ങൾക്കറിയാമോ? അവർ സന്തോഷത്തിലാണ്. ഇത് ഒരു കരാറാണ്. ഈ കരാറുകളെല്ലാം പൂർത്തിയായതാണ്. പക്ഷെ എനിക്ക് തോന്നുന്നു, നമ്മൾ ഇവ റദ്ദാക്കേണ്ടി വരുമെന്ന്,” അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചത്തെ വിധി സുപ്രീം കോടതി അംഗീകരിച്ചാൽ, പ്രധാന വ്യാപാര പങ്കാളികളുമായി ഉണ്ടാക്കിയ കരാറുകൾ അസാധുവാക്കപ്പെടുമെന്ന് ട്രംപ് ആദ്യമായിട്ടാണ് പറയുന്നത്.
ഈ താരിഫുകൾ റദ്ദാക്കുന്നത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ, ഈ താരിഫുകൾ നൽകുന്നത് ഇറക്കുമതി ചെയ്യുന്ന യുഎസ് കമ്പനികളാണെന്നും ഉത്ഭവ രാജ്യങ്ങളിലെ കമ്പനികളല്ലെന്നും വ്യാപാര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. താരിഫുകൾ യുഎസിലെ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.