വാഷിംഗ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആദ്യ ഏഴ് മാസത്തെ ഭരണത്തിൽ യുഎസിലെ തൊഴിൽ വിപണി ദുർബലമായി. തൊഴിൽ നിയമനം കുറയുകയും ട്രംപിന്‍റെ താരിഫ് നയങ്ങൾ കാരണം പണപ്പെരുപ്പം വീണ്ടും വർധിക്കുകയും ചെയ്തു. ഓഗസ്റ്റിൽ 22,000 പുതിയ തൊഴിലുകൾ മാത്രമാണ് ഉണ്ടായതെന്ന് വെള്ളിയാഴ്ചത്തെ തൊഴിൽ റിപ്പോർട്ട് കാണിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനം ആയി ഉയർന്നു. ഫാക്ടറികളിലും നിർമ്മാണ സ്ഥാപനങ്ങളിലും തൊഴിലാളികളെ കുറച്ചു. ജൂണിൽ 13,000 തൊഴിലുകൾ കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2020 ഡിസംബറിന് ശേഷം ആദ്യമായാണ് ഇങ്ങനെയൊരു കുറവുണ്ടാകുന്നത്.
ട്രംപ് വാഗ്ദാനം ചെയ്ത വലിയ സാമ്പത്തിക വളർച്ചയും നിലവിലെ യാഥാർത്ഥ്യവും തമ്മിലുള്ള വലിയ അന്തരം പുതിയ കണക്കുകൾ തുറന്നുകാട്ടുന്നു. ട്രംപ് തന്റെ ഭരണകൂടം വളരെ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുമ്പോഴും, മെച്ചപ്പെട്ട തൊഴിൽ കണക്കുകൾക്ക് ഒരു വർഷമെങ്കിലും കാത്തിരിക്കണമെന്ന് അദ്ദേഹം അമേരിക്കൻ ജനതയോട് ആവശ്യപ്പെടുന്നു.
“നിങ്ങൾ ഇതുവരെ കാണാത്ത വിജയം ഞങ്ങൾ നേടും,” ട്രംപ് വെള്ളിയാഴ്ച പറഞ്ഞു. “രാജ്യത്തുടനീളം പുതിയ ഫാക്ടറികൾ തുറക്കാൻ തുടങ്ങുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണുക, ആരും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ഈ രാജ്യത്ത് സംഭവിക്കാൻ പോകുന്നു.” ഈ അഭ്യർത്ഥന അമേരിക്കക്കാർക്ക് ആശ്വാസം നൽകുന്നില്ല. ഒരു പതിറ്റാണ്ടായി ട്രംപിന്റെ ശക്തിയായിരുന്ന സാമ്പത്തിക കാര്യങ്ങൾ ഇപ്പോൾ അദ്ദേഹത്തിന് വലിയ ദൗർബല്യമായി മാറിയിരിക്കുന്നു. ആദ്യ ഭരണകാലത്ത് 2020-ൽ ട്രംപിന്റെ സാമ്പത്തിക നേതൃത്വത്തിനുള്ള അംഗീകാരം 56 ശതമാനം ആയിരുന്നു. എന്നാൽ ഈ വർഷം ജൂലൈയിൽ അത് 38 ശതമാനം ആയി കുറഞ്ഞുവെന്ന് അസോസിയേറ്റഡ് പ്രസ്-നോർക് സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ച് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നു.