വാഷിംഗ്ടൺ: അമേരിക്കയിലെ മരുന്നുകളുടെ വില കുറയ്ക്കാൻ ലക്ഷ്യമിട്ട്, മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുമ്പോൾ വില വർധിപ്പിക്കാൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളോട് നിർദേശിക്കുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് വെള്ളിയാഴ്ചയാണ് ഈ വിവരം അറിയിച്ചത്.
മരുന്ന് നിർമ്മാതാക്കളോട് ട്രംപ് ആവശ്യപ്പെടാൻ പോകുന്നത് ഇതാണ്: “മറ്റ് രാജ്യങ്ങളിൽ ഉയർന്ന വിലയ്ക്ക് വിറ്റാൽ മാത്രമേ നിങ്ങൾക്ക് ഇവിടെ വിൽക്കാൻ സാധിക്കൂ. അവർക്ക് ഇത്രയും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത് നിർത്തുക,” ലുട്നിക് “ദി ആക്സിയോസ് ഷോ” എന്ന പരിപാടിയിൽ പറഞ്ഞു.
അമേരിക്കക്കാർക്ക് മരുന്നിന്റെ വില കുറയ്ക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ സമ്മർദ്ദം ചെലുത്തുന്ന ട്രംപ് ഭരണകൂടത്തിന്റെ ഒരു നീക്കമാണിത്.
യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും നൽകുന്ന അതേ വിലയ്ക്ക് അമേരിക്കയിലും മരുന്ന് നൽകണമെന്ന് ട്രംപ് ആവശ്യപ്പെടുന്നു. ഇതിനെയാണ് “മോസ്റ്റ് ഫേവേർഡ് നേഷൻ” പ്രൈസിംഗ് എന്ന് പറയുന്നത്. മറ്റ് രാജ്യങ്ങളിലെ രോഗികൾക്ക് അമേരിക്കൻ കമ്പനികൾ സബ്സിഡി നൽകുന്നുവെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിരുന്നു. 2022-ൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കക്കാർ മരുന്നുകൾക്ക് ഏകദേശം മൂന്നിരട്ടി കൂടുതൽ വില നൽകിയിരുന്നു.