വാഷിംഗ്ടണ്‍: രാജ്യാന്തര തലത്തില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവയില്‍ സുപ്രീം കോടതി വാദം കേള്‍ക്കും. ട്രംപ് നടപ്പാക്കിയ തീരുവയ്‌ക്കെതിരേ കീഴ്‌ക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്കെതിരേ ഭരണകൂടം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക തീരുമാനം.
എന്നാല്‍ കേസ് പരിഗണിക്കുന്നതു വരെ നിലവിലുള്ള തീരുവ ഈടാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി ഈ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കെതിരേ അമേരിക്ക ഏര്‍പ്പെടുത്തിയ വന്‍ തീരുവ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കാനഡ, മെക്‌സിക്കോ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതികള്‍ നിയമവിരുദ്ധമായാണെന്നു കീഴ്‌ക്കോടതികള്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.
അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അടിയന്തിരമായി നടപ്പാക്കിയ താരിഫുകള്‍ ചോദ്യം ചെയ്ത് നിരവധി കേസുകള്‍ കോടതികള്‍ക്കു മുന്നിലുമുണ്ട്. നവംബറില്‍ കേസ് പരിഗണനയ്‌ക്കെടുക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. താരിഫ് ചുമത്തലില്‍ ട്രംപ് അധികാര പരിധി ലംഘിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്നാണ് വിലയിരുത്തല്‍. ട്രംപിന്റെ താരിഫ് നയം അധികാരപരിധി ലംഘിച്ചുള്ളതാണെന്നു വാഷിംഗ്ടണിലെ ഫെഡറല്‍ അപ്പീല്‍ കോടതി വിധി പ്രസ്താവിച്ചിരുന്നു.
Trump’s tariff policy: Supreme Court to hear arguments