ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ് ആദ്യമായി പ്രതികരിച്ചു. വീഡിയോ സന്ദേശത്തിലൂടെ, ഹൃദയത്തിൽ അതീവ വേദനയുണ്ടെന്നും ഇതുവരെ ഇത്തരമൊരു വേദന അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ജനങ്ങളുടെ സ്നേഹത്തിന് നന്ദി അറിയിച്ച വിജയ്, സംഭവിക്കാൻ പാടില്ലാത്ത ഒരു ദുരന്തമാണ് നടന്നതെന്ന് വികാരാധീനനായി പറഞ്ഞു. പൊലീസിന്റെ അനുമതിയോടെ, ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തെരഞ്ഞെടുത്ത സ്ഥലത്ത് നടത്തിയ പരിപാടിയിലാണ് ദുരന്തം സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് സൂചിപ്പിച്ച വിജയ്, സത്യം ഉടൻ വെളിവാകുമെന്നും പ്രസ്താവിച്ചു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി വിജയ് രംഗത്തെത്തി. “ഇങ്ങനെ വേണമായിരുന്നോ പക വീട്ടൽ, സി.എം. സർ?” എന്ന ചോദ്യം ഉയർത്തിയ അദ്ദേഹം, രാഷ്ട്രീയ യാത്ര ഇതോടെ അവസാനിക്കില്ലെന്നും അത് ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും വ്യക്തമാക്കി. “പക വീട്ടണമെങ്കിൽ എന്റെ മേൽ കൈ വയ്ക്കൂ, പ്രവർത്തകരെ തൊടരുത്,” എന്ന് സ്റ്റാലിനെ വെല്ലുവിളിച്ച വിജയ്, എത്രയും വേഗം കരൂരിൽ എത്തി ജനങ്ങളെ കാണുമെന്നും അറിയിച്ചു. തനിക്ക് പിന്തുണ നൽകിയ മറ്റ് രാഷ്ട്രീയ നേതാക്കൾക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
കരൂരിൽ തുടരാതിരുന്നതിന്റെ കാരണവും വിജയ് വിശദീകരിച്ചു. രാഷ്ട്രീയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുമെന്നും ഉടൻ എല്ലാവരെയും കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.













