ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവ് വിജയ്‌യുടെ കരൂർ പൊതുപരിപാടിയിൽ ഉണ്ടായ തിക്കും തിരക്കും മൂലമുള്ള ദുരന്തത്തിൽ മരണസംഖ്യ 41 ആയി ഉയർന്നു. കരൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സുഗുണ എന്ന യുവതി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 41 ആയത്. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുടെ റാലിയിൽ അമിതമായി ആളുകൾ തടിച്ചുകൂടിയതിനെ തുടർന്ന് ശ്വാസം മുട്ടിയും ഞെരുങ്ങിയും മരിച്ചവരിൽ 16 സ്ത്രീകളും 10 കുട്ടികളും ഉൾപ്പെടുന്നു.
ശനിയാഴ്ച വൈകുന്നേരം കരൂരിലെ വേലുസാമിപുരത്താണ് ദുരന്തത്തിന് കാരണമായത് തിക്കും തിരക്കും ഉണ്ടായത്. ഏകദേശം 10,000 പേരെ പ്രതീക്ഷിച്ചിരുന്ന റാലിക്ക് 27,000-ത്തിലധികം ആളുകളാണ് തടിച്ചുകൂടിയത്. ഉച്ചമുതൽ വിജയ്‌യെ കാണാനായി ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. നിശ്ചയിച്ചതിലും വൈകി വൈകുന്നേരം 7:40-ഓടെ വിജയ് വേദിയിലെത്തിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി മുന്നോട്ട് തള്ളിക്കയറിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്. അമിതമായ ജനക്കൂട്ടം കാരണം പലർക്കും ശ്വാസം മുട്ടുകയും ആളുകൾ ഒന്നിനുപുറകെ ഒന്നായി വീഴുകയുമായിരുന്നു. വീണവരിൽ കുട്ടികളും പ്രായമായവരും ഉണ്ടായിരുന്നു. റാലിക്കിടെ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയെ കാണാതായെന്ന് അനൗൺസ്‌മെന്റ് വന്നതും, ചിലയിടങ്ങളിൽ വൈദ്യുതി നിലച്ചതും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി. ആളുകൾ കൂട്ടത്തോടെ ഓടിയപ്പോൾ തിരക്ക് വർധിക്കുകയും, ചെളി നിറഞ്ഞ സ്ഥലങ്ങളിലേക്കും ഓവുചാലുകളിലേക്കും ആളുകൾ വീഴുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് സർക്കാർ റിട്ടയേർഡ് ഹൈക്കോടതി ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിൽ ഏകാംഗ കമ്മീഷനെ നിയമിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 10 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ വിജയ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചു.













