തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ട് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവരാണ് മരിച്ചത്. ഇതോടെ ഈ വർഷം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 19 ആയി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും, കൊല്ലം വെളിനല്ലൂർ സ്വദേശിയായ 91 കാരനുമാണ് മരിച്ചത്. ഈ മാസം 11-ന് നടന്ന ഇവരുടെ മരണങ്ങളാണ് ഇപ്പോൾ അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന് സ്ഥിരീകരിച്ചത്.
നിലവിൽ സംസ്ഥാനത്ത് 10-ഓളം പേർ വിവിധ ആശുപത്രികളിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഈ മാസം മാത്രം ഏഴ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വൃത്തിഹീനമായ വെള്ളക്കെട്ടുകളിലും ഉറവകളിലും ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അമീബിക് മസ്തിഷ്ക ജ്വരം
ജലത്തിലൂടെ പകരുന്നതും വളരെ അപൂർവ്വമായതുമായ മാരക രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് എന്നും ഇത് അറിയപ്പെടുന്നു. ‘നെഗ്ലേറിയ ഫൗലെരി’ എന്നയിനം അമീബ (ഏകകോശ ജീവി) ആണ് ഈ രോഗത്തിന് കാരണം. ഇതിനെ സാധാരണയായി ‘മസ്തിഷ്കം ഭക്ഷിക്കുന്ന അമീബ’ =എന്നും വിശേഷിപ്പിക്കാറുണ്ട്. ഇത് മലിനമായ ജലാശയങ്ങളിലും, നദികളിലും, തടാകങ്ങളിലും, ചൂടുള്ള നീരുറവകളിലും, അണുവിമുക്തമല്ലാത്ത കുളങ്ങളിലും കാണപ്പെടുന്നു. ഈ അമീബ അടങ്ങിയ മലിനജലം ശ്വാസമെടുക്കുമ്പോൾ മൂക്കിലൂടെ തലച്ചോറിലെത്തുകയും അണുബാധയുണ്ടാക്കുകയും ചെയ്യുന്നു. ഈ അമീബ തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കാൻ തുടങ്ങുന്നു. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് രോഗം പകരില്ല.
അണുബാധ ഉണ്ടായി 1 മുതൽ 9 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം.
കടുത്ത പനി
അസഹനീയമായ തലവേദന
കഴുത്ത് വേദന
ഛർദ്ദി
സംസാരിക്കാനുള്ള ബുദ്ധിമുട്ട്
ഓർമ്മക്കുറവ്
കാഴ്ച മങ്ങുക
അപസ്മാരം
കോമ അവസ്ഥയിലേക്ക് പോകുക
ലക്ഷണങ്ങൾ ആരംഭിച്ച് 5-നും 7-നും ദിവസങ്ങൾക്കുള്ളിൽ രോഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യാം.