ലണ്ടൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹമാസ് ബന്ദികളുടെ കുടുംബങ്ങളുടെയും ശക്തമായ സമ്മർദ്ദങ്ങൾ അവഗണിച്ചുകൊണ്ട് പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ യു.കെ. നിർണായക പ്രഖ്യാപനം ഇന്ന് നടക്കും. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിർപ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപനം നടത്തുന്നത്. ഗാസയിലെ സാഹചര്യം രൂക്ഷമായതും വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റങ്ങൾ വർദ്ധിച്ചതും കണക്കിലെടുത്താണ് ബ്രിട്ടീഷ് സർക്കാർ ഈ നിർണായക നിലപാട് സ്വീകരിച്ചത്.
ഇസ്രായേൽ ഗവൺമെന്റ് ഗാസയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ക്രിയാത്മകമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ പലസ്തീനെ അംഗീകരിക്കുമെന്ന് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇസ്രായേൽ ഈ നിബന്ധനകൾ പാലിച്ചില്ല.
പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ യു.കെ യുടെ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
ഇത് രണ്ട് രാഷ്ട്ര പരിഹാരം നിലനിർത്താനുള്ള നിർണായക ചുവടുവെപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാധാനപരമായ പരിഹാരത്തിനുള്ള വഴി തുറക്കാൻ പലസ്തീൻ രാഷ്ട്രത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം അത്യന്താപേക്ഷിതമാണെന്ന നിലപാടിലാണ് യു.കെ. ഹമാസ് ഇപ്പോഴും ബന്ദികളെ മോചിപ്പിക്കാത്ത സാഹചര്യത്തിൽ ഈ നീക്കം ഭീകരതയ്ക്കുള്ള അംഗീകാരമായി കാണരുതെന്ന് ബന്ദികളുടെ കുടുംബങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും, അന്താരാഷ്ട്ര തലത്തിൽ പലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകാനുള്ള ശ്രമങ്ങൾക്ക് ഫ്രാൻസ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം യു.കെ.യും പിന്തുണ നൽകുന്നു.













