വിജയ് മല്യ-നീരവ് മോദി തിരിച്ചുവരവ്: തിഹാർ ജയിലിൽ യു.കെ സംഘത്തിന്റെ പരിശോധന; ലളിത് മോദിയുമായി ലണ്ടനിൽ മല്യയുടെ പാട്ട് പാർട്ടി

വിജയ് മല്യ-നീരവ് മോദി തിരിച്ചുവരവ്: തിഹാർ ജയിലിൽ യു.കെ സംഘത്തിന്റെ പരിശോധന; ലളിത് മോദിയുമായി ലണ്ടനിൽ മല്യയുടെ പാട്ട് പാർട്ടി

തിഹാർ ജയിലിലെ സൗകര്യങ്ങൾ വിലയിരുത്താനായി യു.കെ ക്രൗൺ പ്രോസിക്യൂഷൻ സംഘമെത്തി. വിജയ് മല്യ, നീരവ് മോദി എന്നിവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികളുടെ ഭാഗമായാണ് സന്ദർശനം നടന്നത്. യു.കെ കോടതികളിൽ മല്യക്കെതിരെ നടക്കുന്ന നടപടികളുടെ പശ്ചാത്തലത്തിലാണ് പരിശോധന. ജയിലിലെ സൗകര്യങ്ങളിൽ സംഘം സംതൃപ്തരായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയ്ക്ക് അനുകൂലമായ വിലയിരുത്തലാണ് സംഘം നൽകുമെന്നാണ് സൂചന. ജൂലൈയിലാണ് ഉന്നത സംഘത്തിന്റെ സന്ദർശനം നടന്നത്. എന്നാൽ വാർത്തകളോട് പ്രതികരിക്കാൻ യു.കെ ക്രൗൺ പ്രോസിക്യൂഷനും ബ്രിട്ടീഷ് ഹൈകമീഷനും തയ്യാറായിട്ടില്ല.

ആവശ്യമെങ്കിൽ, ‘ഉന്നതരായ’ കുറ്റവാളികളെ ഉൾക്കൊള്ളുന്നതിനായി തിഹാർ ജയിൽ സമുച്ചയത്തിനുള്ളിൽ പ്രത്യേക ‘എൻക്ലേവ്’ ഒരുക്കാമെന്നും അധികൃതർ സംഘത്തോട് ഉറപ്പ് നൽകി. മല്യ, നീരവ് എന്നിവർക്കൊപ്പം സഞ്ജയ് ഭണ്ഡാരി, അധോലോക കുറ്റവാളി ഇഖ്ബാൽ മിർച്ചിയുടെ ഭാര്യ ഹജ്‌റ മേമൻ, മക്കളായ ആസിഖ് ഇഖ്ബാൽ മേമൻ, ജുനൈദ് ഇഖ്ബാൽ മേമൻ, യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചില ഖലിസ്ഥാൻ നേതാക്കൾ തുടങ്ങിയവരെയും ഇന്ത്യ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തിക കുറ്റവാളികളെയും ഭീകരവാദികളെയും ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ വിവിധ ഏജൻസികൾ സമർപ്പിച്ച 178 അപേക്ഷകളിൽ 20 എണ്ണം യു.കെ കോടതികളിലാണ്.

ഇതിനിടെ, ലണ്ടനിൽ നടന്ന ആഡംബര പാർട്ടിയിൽ ലളിത് മോദിയും വിജയ് മല്യയും ഒരുമിച്ച് പാട്ടുപാടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലളിത് മോദി തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 310 അതിഥികളാണ് ചടങ്ങിൽ പങ്കെടുത്തത്. മോദിയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥികൾ എന്നിവരും പങ്കെടുത്തു. മുൻ ആർ.സി.ബി താരം ക്രിസ് ഗെയിലും പാർട്ടിയിൽ ഉണ്ടായിരുന്നുവെന്നതാണ് ശ്രദ്ധേയമായത്. “മനോഹരമായ വൈകുന്നേരം നൽകിയതിന് നന്ദി” എന്ന് മല്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ലളിത് മോദി കുറിച്ചു.

2010ൽ ഇന്ത്യ വിട്ട ലളിത് മോദി കഴിഞ്ഞ കാലം മുഴുവൻ ലണ്ടനിലായിരുന്നു. ഗോൾഡൻ വിസ പദ്ധതിയുടെ ഭാഗമായി വാന്വാട്ട് പൗരത്വം അദ്ദേഹം സ്വീകരിച്ചു. ആസ്‌ത്രേലിയയ്ക്കും ഫിജിക്കും ഇടയിലാണ് 80 ദ്വീപുകളുടെ കൂട്ടമായ വാന്വാട്ട്. ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ മോദി, ലണ്ടനിലെ ഇന്ത്യൻ ഹൈകമീഷനിൽ പാസ്‌പോർട്ട് തിരികെ നൽകാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു.

ബാങ്കുകളെ കബളിപ്പിച്ചാണ് വിജയ് മല്യ ലണ്ടനിലെത്തിയത്. നീണ്ട ഒമ്പത് വർഷത്തിന് ശേഷം, കിങ്ഫിഷർ എയർലൈനിന്റെ തകർച്ചയെക്കുറിച്ച് അദ്ദേഹം ആദ്യമായി പ്രതികരിച്ചു. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റിലാണ് മല്യ സംസാരിച്ചത്. 2012-2015 കാലത്ത് ബാങ്ക് വായ്പകൾ തീർക്കാൻ നാല് ഓഫറുകൾ നൽകിയിരുന്നുവെന്നും, എന്നാൽ ബാങ്കുകൾ മുഴുവൻ തുകയും ആവശ്യപ്പെട്ടതിനാൽ ഓഫറുകൾ നിരസിച്ചതാണെന്നും മല്യ പറഞ്ഞു. 14,000 കോടി രൂപ കുടിശിക തീർക്കണമെന്ന ആഗ്രഹം പങ്കുവെച്ച അദ്ദേഹം, സ്റ്റേറ്റ് ബാങ്ക് ചെയർപേഴ്‌സണുമായി കരാറിനായി ശ്രമിച്ചെങ്കിലും അത് സാധ്യമായില്ലെന്നും വ്യക്തമാക്കി.

“Vijay Mallya–Nirav Modi Extradition: UK Team Inspects Tihar Jail; Mallya Sings at London Party with Lalit Modi”

Share Email
LATEST
More Articles
Top