വാഷിങ്ടൺ: ഇന്ത്യയുടെ മേൽ യുഎസ് ചുമത്തിയ 50 ശതമാനം തീരുവ പൂജ്യമാക്കണമെന്നും ഇതിന് മാപ്പ് പറയണമെന്നും യുഎസ് നയതന്ത്ര വിദഗ്ധനും ന്യൂയോർക്ക് യൂണിവേഴ്സിറ്റി പ്രൊഫസറുമായ എഡ്വേഡ് പ്രൈസ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടു. 21-ാം നൂറ്റാണ്ടിന്റെ രൂപീകരണത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി. ചൈനയുമായുള്ള ഏറ്റുമുട്ടലും റഷ്യയുമായുള്ള യുദ്ധവും നിലനിൽക്കെ, ഇന്ത്യയെപ്പോലുള്ള സുപ്രധാന പങ്കാളിയെ തീരുവയിലൂടെ അകറ്റുന്നത് യുഎസിന്റെ തന്ത്രപരമായ തെറ്റാണെന്ന് അദ്ദേഹം വിമർശിച്ചു.
ഇന്ത്യ-യുഎസ് സഹകരണത്തെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായക പങ്കാളിത്തമായാണ് പ്രൈസ് വിലയിരുത്തുന്നത്. ചൈനയുടെയും റഷ്യയുടെയും ആഗോള നിലപാടുകളെ സ്വാധീനിക്കാൻ ഈ സഹകരണത്തിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുമായും റഷ്യയുമായുമുള്ള ബന്ധങ്ങൾ മിടുക്കോടെ കൈകാര്യം ചെയ്യുന്നുവെന്നും, ഇന്ത്യയ്ക്ക് സ്വന്തം വഴികളുണ്ടെന്ന് യുഎസിനെ ഓർമിപ്പിക്കുന്നതിൽ മോദി വിജയിച്ചിട്ടുണ്ടെന്നും പ്രൈസ് അഭിപ്രായപ്പെട്ടു. എന്നാൽ, ഇന്ത്യ റഷ്യയോ ചൈനയോ പൂർണമായി സ്വീകരിക്കാതെ, സ്വതന്ത്രമായ നിലപാട് പിന്തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സ്വതന്ത്രവും പരമാധികാരപരവുമായ നിലപാടിനെ പ്രൈസ് പ്രശംസിച്ചു. ഇന്ത്യ ഒരു പക്ഷത്തും സ്ഥിരമായി നിലയുറപ്പിക്കാതെ, സ്വന്തം സംസ്കാരവും തീരുമാനങ്ങളും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും, തീരുവ പോലുള്ള തടസ്സങ്ങൾ ഒഴിവാക്കി ഇരുരാജ്യങ്ങളും സഹകരണം വർധിപ്പിക്കണമെന്നും പ്രൈസ് ഊന്നിപ്പറഞ്ഞു.