ട്രംപിൻ്റെ ഉത്തരവുകൾ അനുസരിക്കരുതെന്ന് യുഎസ് സൈനികരോട് ആവശ്യപ്പെട്ടു; കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കി അമേരിക്ക

ട്രംപിൻ്റെ ഉത്തരവുകൾ അനുസരിക്കരുതെന്ന് യുഎസ് സൈനികരോട് ആവശ്യപ്പെട്ടു; കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടൺ: യുഎസ് സൈനികരോട് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉത്തരവുകൾ ലംഘിക്കാൻ പരസ്യമായി ആഹ്വാനം ചെയ്തതിനെ തുടർന്ന് കൊളംബിയൻ പ്രസിഡൻ്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഈ നീക്കം വാഷിംഗ്ടണും ബൊഗോട്ടയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
കുടിയേറ്റം, മയക്കുമരുന്ന് കടത്ത് വിഷയങ്ങളിൽ നേരത്തെയും ട്രംപ് ഭരണകൂടവുമായി കൊമ്പ് കോർത്തിട്ടുള്ള നേതാവാണ് പെട്രോ.

വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് പുറത്ത് പലസ്തീൻ അനുകൂലികളെ അഭിസംബോധന ചെയ്യവെയാണ് സൈന്യത്തോട് “പലസ്തീനെ മോചിപ്പിക്കാൻ” ആയുധമെടുക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തത്. “ആഗോള സൈന്യം യുണൈറ്റഡ് സ്റ്റേറ്റ്സിൻ്റേതിനേക്കാൾ വലുതായിരിക്കണം. അതുകൊണ്ടാണ് ഇവിടെ ന്യൂയോർക്കിൽ നിന്ന് ഞാൻ യുഎസ് സൈന്യത്തിലെ എല്ലാ ഭടന്മാരോടും മനുഷ്യരാശിക്ക് നേരെ തോക്ക് ചൂണ്ടരുതെന്ന് അഭ്യർത്ഥിക്കുന്നത്,” പെട്രോ സംസാരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ട്രംപിന്റെ ഉത്തരവുകൾ അനുസരിക്കരുത്. മനുഷ്യരാശിയുടെ ഉത്തരവുകൾ അനുസരിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനുപിന്നാലെ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് എക്സിലെ ഒരു പോസ്റ്റിലൂടെ പ്രതികരിച്ചു: “കൊളംബിയൻ പ്രസിഡൻ്റ് ന്യൂയോർക്ക് സിറ്റി തെരുവിൽ നിന്ന് യുഎസ് സൈനികരോട് ഉത്തരവുകൾ അനുസരിക്കരുതെന്നും അക്രമത്തിന് പ്രേരിപ്പിക്കാനും ആഹ്വാനം ചെയ്തു. അദ്ദേഹത്തിൻ്റെ ഈ അശ്രദ്ധവും പ്രകോപനപരവുമായ നടപടികളെത്തുടർന്ന് ഞങ്ങൾ പെട്രോയുടെ വിസ റദ്ദാക്കും.”

ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കാനായാണ് പെട്രോ ന്യൂയോർക്കിൽ എത്തിയത്. ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനെക്കുറിച്ച് സംസാരിക്കവെ, ട്രംപ് “വംശഹത്യയ്ക്ക് കൂട്ടുനിൽക്കുകയാണ്” എന്നും അദ്ദേഹം നേരിട്ട് വിമർശിച്ചിരുന്നു.

Share Email
Top