വാഷിംഗ്ടൺ: ടേണിംഗ് പോയിന്റ് യുഎസ്എയുടെ സ്ഥാപകൻ ചാർലി കിർക്കിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യുന്ന വിദേശികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ്. വിസ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടാകുമെന്നും ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ക്രിസ് ലാൻഡൗ മുന്നറിയിപ്പ് നൽകി. അടുത്തിടെ ഗാസയിലെ യുദ്ധത്തിനെതിരെ പ്രതിഷേധിച്ച ചില വിദ്യാർത്ഥികളുടെ വിസ റദ്ദാക്കിയ സംഭവത്തിന് പിന്നാലെയാണ് ഈ പുതിയ നിർദ്ദേശം.
അക്രമത്തെ മഹത്വവത്കരിക്കുന്ന വിദേശികളെ അംഗീകരിക്കാനാവില്ലെന്ന് ലാൻഡൗ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ ഈ സംഭവത്തെ പ്രശംസിക്കുന്നതും നിസ്സാരവത്കരിക്കുന്നതും കണ്ടപ്പോൾ തനിക്ക് വെറുപ്പ് തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിദേശികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ കോൺസുലാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കമന്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ തന്നെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു വെടിവെപ്പിനെക്കുറിച്ചുള്ള മറ്റൊരു പോസ്റ്റിന് മറുപടിയായി, പോസ്റ്റ് ചെയ്തയാളുടെ പേര് അറിയാമെങ്കിൽ അവരുടെ വിസ ഉടൻ റദ്ദാക്കുമെന്ന് ലാൻഡൗ പറഞ്ഞു. വിസ റദ്ദാക്കുന്നതിൽ തനിക്കുള്ള താൽപ്പര്യം ലാൻഡൗ പരസ്യമായി പ്രകടിപ്പിച്ചത് ശ്രദ്ധേയമാണ്. പുതിയ നീക്കം രാജ്യത്തെ പ്രതിഷേധങ്ങളെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും എങ്ങനെ ബാധിക്കുമെന്നത് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.